കോട്ടയം : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിനുള്ള (SDRT) നാലുദിന പരിശീലന പരിപാടി ഇന്ന് കോട്ടയം മാങ്ങാനം ആശ്രമത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. കേരള ഗവ. ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
ഇന്ന് ആരംഭിക്കുന്ന പരിശീലന ക്യാമ്പിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി അപ്രതീക്ഷിതമായി കടന്നെത്തുന്ന പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ, മറ്റിതര അപകട സാഹചര്യങ്ങൾ എന്നിവയെ ഫലപ്രദമായി നേരിടുന്നതിനായി ക്യാമ്പ് അംഗങ്ങൾക്ക് വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റെഡ്ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ച് വൈസ് ചെയർമാൻ ശ്രീ ജോബി തോമസ്, റെഡ്ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ച് ട്രഷറർ ശ്രീ ജി മോഹൻ കുമാർ, ജെആർസി കോർഡിനേറ്റർ ശ്രീ ബിനു കെ പവിത്രൻ, IRCS സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം ശ്രീ സുമേഷ് കെ. എസ്, IRCS കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കുമാരി ജമീമ ടി ജോയി എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന്റെ സ്വാഗതം പ്രോഗ്രാം കോർഡിനേറ്ററായ ശ്രീ സാബു കുര്യനും കൃതജ്ഞത കോട്ടയം താലൂക്ക് ചെയർമാൻ ശ്രീ വിഎ മോഹൻദാസും അറിയിച്ചു.
വിവിധ ജില്ലകളിൽ നിന്നെത്തിയിരിക്കുന്ന അമ്പതോളം പേർക്കാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് 21 ന് അവസാനിക്കും.
