'അയാളെ പുറത്തു വിടരുത്, പരോൾ കിട്ടരുത്, പേടിച്ചാണ് കഴിയുന്നത്'; വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര

പാലക്കാട്: പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് അതുല്യയും അഖിലയും പറഞ്ഞു. കോടതിയിൽ പോലും അയാൾ ഞങ്ങളുടെ അടുത്ത് നിൽക്കുമ്പോൾ ഭയമായിരുന്നു.


സജിതയുടെ മക്കൾക്ക് അമ്മയും അച്ഛനുമാണ് ഇല്ലാതായതെന്നും അവർക്ക് സർക്കാർ ജോലി കൊടുക്കണമെന്നും സജിതയുടെ സഹോദരി പറഞ്ഞു. സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അതിന്റെ കാര്യങ്ങളൊന്നും മുന്നോട്ടു പോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിധിയിൽ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസും പറഞ്ഞു.


ചെന്താമരയും ഭാര്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനു പിന്നിൽ സജിതയാണെന്ന് ആരോപിച്ചായിരുന്നു ചെന്താമരയെ സജിത കൊലപ്പെടുത്തിയത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയത്.


ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് 2025ൽ സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയിൽ ഇരുന്നത്.

Previous Post Next Post