ഹൈദരാബാദ്: കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളെന്ന് സംശയം. 46 ലക്ഷം രൂപ വിലമതിക്കുന്ന, റിയൽമി കമ്പനിയുടെ 234 സ്മാർട്ട് ഫോണുകൾ അടങ്ങിയ പാർസൽ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിൽ തീ പടർന്നപ്പോൾ ഫോണുകളുടെ ബാറ്ററികൾ ചൂട് മൂലം പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് വിലയിരുത്തൽ. ഫോറൻസിക് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വിവരം പങ്കുവച്ചത്.
ഹൈദരാബാദില വ്യാപാരി ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാർട്ടിന് വേണ്ടി അയച്ചവയാണ് ഈ ഫോണുകൾ. ബസുകളിൽ തീപടർന്നപ്പോൾ ഫോൺ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നതായി പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴികളും പറയുന്നു.
ബസിൽ ഉണ്ടായ ഇന്ധനചോർച്ചയാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നതെന്നാണ് ആന്ധ്രപ്രദേശ് ഫയർഫോഴ്‌സ് ഡയറക്ടർ ജനറലുടെ പ്രതികരണം. സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബസിൽ പ്രവർത്തിച്ചിരുന്ന എ സിയുടെ ബാറ്ററിയും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ചൂട് കാരണം ബസിന്റെ ഫ്‌ളോറായി ഉപയോഗിച്ചിരുന്നു അലുമിനിയം ഷീറ്റുകൾ ഉരുകിയ നിലയിൽ ആയിരുന്നു. ബസിനടിയിൽ കുടുങ്ങിയ നിലയിൽ ഒരു ബൈക്ക് ഉണ്ടായിരുന്നു. ഇതിൽ നിന്നും പുറത്തെത്തിയ പെട്രോൾ പെട്രോൾ, ചൂടോ തീപ്പൊരിയോ മൂലം പൊട്ടിത്തെറിയ്ക്ക് വഴിവച്ചിരിക്കാം എന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, അപകടത്തിന് കാരണമായെന്ന് കരുതുന്ന ബൈക്ക് യാത്രക്കാരൻ അശ്രദ്ധമായി ബൈക്കോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 22 കാരനായ ബി ശിവ ശങ്കർ എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളും അപകടത്തിൽ മരിച്ചിരുന്നു.
