കൊണ്ടുപോയപ്പോൾ ഒന്നര കിലോ സ്വർണം, തിരിച്ചെത്തുമ്പോൾ 394 ഗ്രാം മാത്രം; നടന്നത് വൻ കവർച്ചയെന്ന് വിജിലൻസ്

 

കൊച്ചി:  ശബരിമലയിൽ മുൻപുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വർണപ്പാളികളാണെന്ന നിമഗനത്തിൽ ദേവസ്വം വിജിലൻസ്. 2019-ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തിലെത്തിയത്. ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നിട്ടുണ്ട്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദേവസ്വം വിജിലൻസ്  ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ശബരിമലയിൽ 1998 ൽ സ്വർണപ്പാളി പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ദേവസ്വം വിജിലൻസിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് വിജിലൻസ് എസ് പി കോടതിക്ക് കൈമാറി. ഇതിൽ ഒന്നര കിലോ സ്വർണം ദ്വാരപാലകശിൽപ്പത്തിൽ പൊതിഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചെമ്പുപാളിയാണെന്നാണ് 2019 ലെ ദേവസ്വം ബോർഡിലെ മഹസ്സറിൽ രേഖപ്പെടുത്തിയിരുന്നത്.


2019 ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ വിവരങ്ങൾ തേടി ഉണ്ണികൃഷ്ണൻ പോറ്റി, തന്റെ യാഹൂ മെയിൽ ഐഡിയിൽ നിന്നും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന് ഇ മെയിൽ മെയിൽ അയച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം തിരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു കത്ത് പോകുന്നുണ്ട്. തുടർന്നാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലകശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നത്.


2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പമാണ്. എന്നാൽ ദേവസ്വം മഹസറിൽ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളിൽ രണ്ടു സൈഡ് പാളികൾ കൂടി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേൽപ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വർണമാണ് യു ബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേൽപ്പിച്ച സ്വർണ പാളികളിൽ എത്ര സ്വർണം ഉണ്ടെന്നത് പരിശോധന നടത്തേണ്ടതുണ്ട്. ദ്വാരപാലക ശിൽപ്പം തിരിച്ചു കൊണ്ടു വന്നപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഏകദേശം 40 ദിവസത്തിന് ശേഷമാണ് ഈ ശിൽപ്പങ്ങൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിക്കുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ തിരിച്ചേൽപ്പിച്ചപ്പോൾ സ്വർണത്തിൽ കുറവുണ്ടായ കാര്യം തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Previous Post Next Post