ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ന്; സഞ്ജുവിന് നിർണായകം


 കാൻബറ: ഏകദിന പരമ്പരയിൽ നിന്നേറ്റ തോൽവിക്ക് മറുപടി പറയാൻ ഇന്ന് ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ന് നടക്കുന്ന ആദ്യമത്സരത്തിന് കാൻബറയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പിൽ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഈ പരമ്പര യഥാർഥ പരീക്ഷണമാണ്. ഓസ്‌ട്രേലിയൻ മണ്ണിൽ ടീമിന് വിജയിക്കാൻ സാധിച്ചാൽ സൂര്യകുമാർ യാദവിന്റെ നായകത്വത്തിന് ഒരു പൊൻതൂവൽ ആയി മാറും. ഇന്ത്യയിൽ മാത്രമല്ല, ഓസ്‌ട്രേലിയ പോലുള്ള മണ്ണിലും പരമ്പര നേടിക്കൊടുക്കാൻ കെൽപ്പുള്ള ക്യാപ്റ്റൻ ആണ് സൂര്യകുമാർ യാദവ് എന്ന പ്രശസ്തി നേടാനും ഇത് സഹായകമാകും.


ഏകദിന പരമ്പരയിൽ നിന്നേറ്റ തോൽവി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയിൽ ലോക ചാമ്പ്യൻമാരായ ഇന്ത്യ അതിന് പകരം ചോദിക്കാൻ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിർണായക പരമ്പര കൂടിയാണിത്.


സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അതുകൊണ്ട് തന്നെ പരമ്പര നിർണായകമാണ്. പരമ്പര കൈവിട്ടാൽ മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. പരമ്പരാഗതമായി ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് കാൻബറയിലേത്. ഇവിടെ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതിൽ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളിൽ രണ്ട് ജയവും രണ്ട് തോൽവിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയിൽ കളിച്ച ഒരേയൊരു ടി20 മത്സരത്തിൽ ജയിച്ചു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും.


Previous Post Next Post