തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് കോർ കമ്മിറ്റിയുടെ കൺവീനർ. മുൻ കെപിസിസി പ്രസിഡന്റുമാരും സമിതിയിലുണ്ട്.
സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം കണക്കിലെടുത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ കോർ കമ്മിറ്റി രൂപീകരിച്ചത്. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചു ചേർത്ത, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പങ്കെടുത്ത അവലോകന യോഗത്തിലാണ് പ്രത്യേക കോർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമെടുത്തത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ സി വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷന്മാരായ കെ സുധാകരൻ, കെ മുരളീധരൻ, എംഎം ഹസൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ശശി തരൂർ എംപി, ഷാനിമോൾ ഉസ്മാൻ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിൽ നേതാക്കൾക്കിടയിൽ ഐക്യം വേണമെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിൽ പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് രാഹുൽ ഗാന്ധി കേരള നേതാക്കളെ ഓർമ്മിപ്പിച്ചു. നേതാക്കൾ കൂട്ടായ പ്രവർത്തനം നടത്തണമെന്നും, എല്ലാ നേതാക്കളും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.
