'ഇത് അയ്യപ്പസംഗമമല്ല തട്ടിപ്പു സംഗമം', എതിർപ്പുമായി ബിജെപി; അയ്യപ്പനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം:  ആഗോള അയ്യപ്പസംഗമത്തെ എതിർത്ത് ബിജെപി. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ചില നാടകങ്ങളുമായി സർക്കാർ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. പമ്പയിൽ നടക്കുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ സമ്മേളനമാണ്. തട്ടിപ്പു സംഗമമാണിതെന്നും എംടി രമേശ് പറഞ്ഞു.


അയ്യപ്പ സംഗമത്തിന്റെ സാംഗത്യത്തെ കോടതി ചോദ്യം ചെയ്തതാണ്. സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി വേണ്ടെന്ന് പറയാനാവില്ലെന്നതു കൊണ്ടുമാത്രമാണ് കോടതി അനുവദിച്ചത്. സംഗമത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് അടക്കം കോടി ചോദിച്ച ഒരു ചോദ്യത്തിനും സർക്കാരിന് മറുപടി നൽകാൻ സാധിച്ചില്ല. ബിജെപിയും ഇക്കാര്യങ്ങൾ തന്നെയാണ് ചോദിച്ചത്. അയ്യപ്പസംഗമത്തിൽ ഏതെങ്കിലും അയ്യപ്പ സംഘടനകൾ പങ്കെടുക്കുന്നുണ്ടോയെന്നും എം ടി രമേശ് ചോദിച്ചു.


ശബരിമല തന്ത്രി കുടുംബം, പന്തളം രാജകൊട്ടാരം, ഇന്ത്യയ്ക്കകത്തെ ചെറുതും വലുതുമായ അയ്യപ്പ സംഘടനകൾ ആരെങ്കിലും പ്രതിനിധികളെ അയക്കുന്നുണ്ടോ?. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട മലയരയ സഭ അടക്കമുള്ള സമുദായങ്ങളും പങ്കെടുക്കുന്നുണ്ടോ?. ഇവരാരും പങ്കെടുക്കുന്നില്ല എന്നതാണ് സത്യം. സംഗമത്തിൽ എൽഡിഎഫിന്റെ ഘടകകക്ഷി നേതാക്കളും കുറേ സർക്കാർ ഉദ്യോഗസ്ഥരും, കുറേ പണക്കാരുമാണ് സംഗമത്തിൽ പങ്കെടുക്കാനെത്തുന്നത്. പണക്കാരെ വിളിച്ചിട്ടുള്ളത് എൽഡിഎഫിന് പണം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും എംടി രമേശ് പറഞ്ഞു.


ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി വിജയന്റെ നേതതൃത്വത്തിലുള്ള സർക്കാർ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരിൽ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സർക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാൽ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാൻ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.


യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചർച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ആചാര സംരക്ഷണത്തിനെന്ന പേരിൽ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണ്. സി പി എമ്മിലെ ദേവസ്വം മന്ത്രിമാർ അയ്യപ്പനെ കൈകൂപ്പി വണങ്ങാൻ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീംകോടതിയിൽ യു ഡി എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കാനെങ്കിലും സർക്കാർ തയ്യാറാണോ ?. ഭക്തർ ഭഗവാന് സമർപ്പിക്കുന്ന സ്വർണ്ണം പോലും സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

Previous Post Next Post