കളമശ്ശേരി മാർത്തോമ ഭവന് നേരെ ആക്രമണം; സിസിടിവിയും കുടിവെള്ള പൈപ്പുകളും നശിപ്പിച്ചതായി പരാതി

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശ്ശേരിയിലെ മാർത്തോമാ ഭവന്റെ ഭൂമിയിൽ അനധികൃത കയ്യേറ്റമെന്ന് ആക്ഷേപം. മാർത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കമ്പൗണ്ട് മതിൽ തകർത്തതായും ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചെന്നുമാണ് പരാതി. ആശ്രമത്തിന് സമീപത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും അന്തേവാസികൾ ചാപ്പലിലേക്ക് പോകുന്ന ഗേറ്റിനു മുന്നിൽ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് കാസ ആരോപിച്ചു.


1980ൽ മാർത്തോമാ ഭവൻ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോർട്ടുകൾ. 2007-ൽ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാർത്തോമാ ഭവന് ഉറപ്പിച്ചിരുന്നു. എന്നാൽ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി 2010 ൽ തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് മൂസാ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതിൽ തകർത്തും വീടുകൾ സ്ഥാപിച്ചുമെന്നാരോപണം. 40 വർഷത്തോളമായി ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കത്തിലുള്ള ഭൂമിയുടെ മതിലാണ് പൊളിച്ചുമാറ്റിയിട്ടുള്ളത്.


സെപ്റ്റംബർ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലർച്ചെ 2 മണിയോടെ മാർത്തോമാ ഭവന്റെ ചുറ്റുമതിൽ പൊളിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ അഞ്ചിന് രാവിലെയാണ് മാർത്തോമ്മാ ഭവനിലുള്ളവർ സംഭവം അറിഞ്ഞത്. പരാതിയെത്തുടർന്ന് പൊലീസെത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും പ്രവൃത്തികൾ തുടർന്നതോടെ മാർത്തോമാ ഭവൻ അധികൃതരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. മൂന്നംഗ അംഗ സംഘം അക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളിയിൽ പ്രാർഥനക്കു ചെന്ന കുന്നത്തുപറമ്പിൽ കെ കെ ജിൻസൺ പൊലിസിൽ പരാതിയും നൽകി. താനും ഫാ.സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവരും ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതി. ഇതിനിടെയാണ് മഠവുമായി ബന്ധപ്പെട്ട വസ്തുക്കൾ നശിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.


അതേസമയം, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു തങ്ങൾക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിലാണ് റെഡിമെയ്ഡ് മുറികൾ സ്ഥാപിച്ചിട്ടുള്ളതെന്നുമാണ് ഇവരുടെ നിലപാട്.

Previous Post Next Post