തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിർപ്പ് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കൾക്ക് നിയമസഭ ചരമോപചാരം അർപ്പിക്കുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. രാവിലെ ഏതാനും കോൺഗ്രസ് നേതാക്കളുമായി രാഹുൽ മാങ്കൂട്ടത്തിൽ ആശയവിനിമയം നടത്തിയിരുന്നതായി സൂചനയുണ്ട്.
നിയമസഭയിൽ ചരമോപചാരം അർപ്പിക്കുന്നതിനാൽ എതിർപ്പ് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ക്യാംപ്. പച്ച ഖദർ ഷർട്ടും മുണ്ടും ധരിച്ച് ബാഗുമാണ് രാഹുൽ നിയമസഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നിരയിൽ നിന്നും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
പാർലമെന്ററി പാർട്ടിയിൽ നിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. രാഹുലിനെ പ്രത്യേക ബ്ലോക്ക് ആയി കണക്കാക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. രാഹുൽ നിയമസഭയിലെത്തിയതോടെ കോൺഗ്രസിലെ ഭിന്നത രൂക്ഷമാകാൻ സാധ്യതയേറി.
