ജെൻ സി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവെച്ചു; പാർലമെന്റിന് തീയിട്ട് പ്രതിഷേധക്കാർ

 

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. സർക്കാരിനെതിരായ യുവജന പ്രക്ഷോഭം കലാപമായി മാറിയതിനെത്തുടർന്നാണ് നടപടി. ജെൻ സി പ്രക്ഷോഭം അടിച്ചമർത്താൻ പ്രധാനമന്ത്രി ശർമ്മ ഒലി സൈനിക സഹായം തേടിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശർമ്മ ഒലി സ്ഥാനമൊഴിയണമെന്ന് സൈനിക മേധാവി നിർദേശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശർമ്മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.


സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ കെ പി ശർമ്മ ഒലി സർക്കാരിന്റെ തീരുമാനമാണ് യുവജന പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പ്രതിഷേധം ശക്തമായതോടെ സാമൂഹ്യ മാധ്യമ വിലക്ക് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ ജെൻ സി പ്രതിഷേധം സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധക്കാർ നേപ്പാൾ പാർലമെന്റിത് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി ശർമ്മ ഒലി രാജിവെക്കുന്നതു വരെ പ്രക്ഷോഭത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രക്ഷോഭകർ പിന്മാറുകയും ചെയ്തിരുന്നു.


നേരത്തെ പ്രതിഷേധക്കാർ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം തീവെച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമൽ ദഹൽ), ഷേർ ബഹാദൂർ ദൂബെ, ഊർജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചു. പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകർ തീയിട്ടു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. രാജ്യത്തെ മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേർക്കും ആക്രമണം ഉണ്ടായിട്ടുണ്ട്.


തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ സൈന്യത്തിന് നേർക്ക് കല്ലേറിഞ്ഞു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തു. രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രക്ഷോഭകരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. പ്രക്ഷോഭങ്ങളെത്തുടർന്ന് ശർമ്മ ഒലി സർക്കാരിൽ ജലവിതരണ മന്ത്രിയായ പ്രദീപ് യാദവ് രാജിവെച്ചു. പ്രതിഷേധക്കാർക്ക് പ്രദീപ് യാദവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.

Previous Post Next Post