മൂസ്ലീം ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്; ചര്‍ച്ച സജീവം; ഇരുപാര്‍ട്ടികള്‍ക്കും നേട്ടമെന്ന് വിലയിരുത്തല്‍

കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫിൽ ചർച്ചകൾ സജീവം. ഇത് സംബന്ധിച്ച് ഇരുപാർട്ടിയിലെയും മുതിർന്ന നേതാക്കൾ തമ്മിൽ ആലോചന നടന്നതായാണ് വിവരം. മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂർ, പൂനലൂർ, അഴീക്കോട്, തിരുവമ്പാടി എന്നിവ കോൺഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. കളമശ്ശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നൽകിയേക്കും. കെടി ജലീൽ തുടർച്ചയായി ജയിക്കുന്ന കോൺഗ്രസിന്റെ കൈവശമുള്ള തവനൂർ ലീഗിന് നൽകിയേക്കും.  ഗുരുവായൂർ സീറ്റ് പകരം ആവശ്യപ്പെടും. 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഗുരുവായൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മേൽക്കൈ നേടിയിരുന്നു.


പുനലൂരും ഇരവിപുരവുമായി വച്ചുമാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജിൽ മാക്കുറ്റി മികച്ച സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനാൽ അതിന് സാധ്യത വിദൂരമാണ്. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നൽകിയേക്കും. സീറ്റുകൾ വച്ചുമാറുന്നത് കോൺഗ്രസിനും ലീഗിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കളമശേരി കോൺഗ്രസിന് നൽകുന്നതിലൂടെ കൈവിട്ട ഹിന്ദുവോട്ടുകൾ തിരികെ പിടിക്കാൻ കോൺഗ്രസിന് കഴിയുമെന്നും മുസ്ലീം സാന്നിധ്യം കൂടുതലുള്ള കൊച്ചി ലീഗിന് അനുകൂലമാകുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ.


കേരള കോൺഗ്രസ് ജോസഫിന്റെ കൈവശമുള്ള ഏറ്റുമാനൂരിൽ കോൺഗ്രസും അതിനുപകരം പൂഞ്ഞാർ നൽകുന്നതും പരിഗണനയിലുണ്ട്. കുട്ടനാട് മണ്ഡലവും പരിഗണിക്കുന്നു. കളമശേരിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇതിനകം പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ, സീറ്റ് ലീഗിന് തന്നെ നൽകുകയാണെങ്കിൽ, ഷിയാസിനെ ആലുവയിൽ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ മൂന്ന് തവണ എംഎൽഎയായ അൻവർ സാദത്തിന് സീറ്റ് ലഭിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അടുത്ത വിശ്വസ്തനെന്നതും ഷിയാസിന് കാര്യങ്ങൾ അനുകൂലമാണ്.


കോൺഗ്രസ് കൊച്ചി സീറ്റ് ഒഴിഞ്ഞുകൊടുത്താൽ, മുതിർന്ന നേതാവ് ഇബ്രാഹിം കുഞ്ഞോ, അഡ്വ. മുഹമ്മദ് ഷായോ ലീഗ് സ്ഥാനാർത്ഥിയായേക്കും. മുനമ്പം വഖഫ് വിഷയത്തിൽ ലത്തീൻ സഭാ മേലധികാരികളുമായി ചർച്ച നടത്താൻ ലീഗ് നേതാക്കളെ സഹായിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാൽ മുഹമ്മദ് ഷായ്ക്ക് കാര്യങ്ങൾ അനുകൂലമാണ്. എന്നാൽ സീറ്റുകൾ കൈമാറുന്നതിൽ അന്തിമതീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമേ ഔദ്യോഗിക ചർച്ചകൾ ഉണ്ടാകുവെന്നാണ് നേതൃത്വം പറയുന്നത്.

Previous Post Next Post