നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് സമ്മേളനം.
ഒക്ടോബർ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തുമോ എന്നതാണ് ആകാംക്ഷ.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎല്‍എ വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. പാർലമെന്ററി പാർട്ടിയില്‍ നിന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നല്‍കിയിരുന്നു. അതിനാല്‍ രാഹുല്‍ എത്തിയാല്‍ തന്നെ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ സാധിക്കില്ല. പങ്കെടുത്താല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.
സംസ്ഥാനത്തെ പൊലീസ് മൂന്നാമുറ, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്ബാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം പുറത്തായത്, വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും കത്തി നില്‍ക്കുന്നുണ്ട്. ഈ സമ്മേളന കാലത്ത് സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.