സി പി രാധാകൃഷ്ണൻ സ്ഥാനമേറ്റു, സത്യപ്രതിജ്ഞാ ചടങ്ങിനെത്തി ജഗ്ദീപ് ധൻകർ

 

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി  സി പി രാധാകൃഷ്ണൻ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കർ ഓം ബിർല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധൻകർ പൊതുവേദിയിലെത്തുന്നത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതിമാരായ ഹമീദ് അൻസാരി, എം വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേൽക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്.


തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയാണ് സി പി രാധാകൃഷ്ണൻ. മഹാരാഷ്ട്ര ഗവർണറായിരിക്കെയാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെയാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്.


ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1957 ഒക്ടോബർ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ ആർഎസ്എസ് അംഗമായാണ് പൊതുജീവിതം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (BBA) ബിരുദം നേടി. 1998-ലും 1999-ലും കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

Previous Post Next Post