ഓഹരി വിപണിയിൽ ലാഭ വാഗ്ദാനം; പൊലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി രൂപ തട്ടി, പരാതി

 

തിരുവനന്തപുരം: ഓഹരി വിപണിയിൽ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി.


ഭരതന്നൂർ സ്വദേശി വിജയൻ പിള്ള സഹോദരൻ മുരളീധരൻ എന്നിവരിൽ നിന്ന് പൊലീസ് പണം തട്ടിയെന്നാണ് പരാതി. 2020ൽ ഡിജിപി ഓഫീസിൽ ജോലി ചെയ്യവെയാണ് രവിശങ്കർ പണം തട്ടിയത്. പൊലീസിൽ ഒരുപാട് പേർക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാർ പറയുന്നു.


വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്‌ഐആറുകളുണ്ട്. നിലവിൽ രവിശങ്കർ കൽപ്പറ്റ പൊലീസ് ക്യാംപിൽ ഡ്യൂട്ടിയിലാണ്.


തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കർ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാർ പറയുന്നു. കേസിൽ പരാതി നൽകിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതിക്ക് പിന്നാലെ കുറച്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥാനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്തിയിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതിക്കാർ പറയുന്നത്.

Previous Post Next Post