തൃശൂർ: ആഗോള അയ്യപ്പ സംഗമത്തെ എതിർക്കുന്നവർ വർഗീയവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ വാദികൾക്ക് വിശ്വാസമൊന്നുമില്ല. വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് വർഗീയവാദികൾ. ആ വർഗീയവാദികളുടെ പ്രചാരവേലയോട് ഒപ്പം ചേർന്നു നിൽക്കാൻ സിപിഎം ഇല്ല. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, ഇന്നുമില്ല, നാളെയും എടുക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും വിശ്വാസികളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികളെ കൂടെ കൂട്ടി വേണം വർഗീയവാദികളെ പ്രതിരോധിക്കേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് സിപിഎം എന്നുമുള്ളത്. അതുകൊണ്ടുതന്നെ ഇടതുമുന്നണി സർക്കാരിനെ പറ്റി പ്രത്യേകം പറയേണ്ടതില്ല. അങ്ങനെയെങ്കിൽ കോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണമെന്ന ആവശ്യത്തിലെ നിലപാട് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആ ഡിമാൻഡിനെക്കുറിച്ചല്ല ചർച്ച ചെയ്യുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതൊക്കെ അവർ ചർച്ച ചെയ്യേണ്ട കാര്യമാണ്. സിപിഎം ആരോടൊപ്പം നിൽക്കുന്നു എന്നതാണ് താൻ പറഞ്ഞതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ളത് കോടതി വിധിയും, അതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളുമാണ്. അതിലേക്കൊന്നും ഇപ്പോൾ കടന്നുപോകേണ്ട കാര്യമില്ല. അന്ന് യുവതികൾ ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അഭിപ്രായം പറയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനെ ചുറ്റിപ്പറ്റി തുടങ്ങുന്നതിന്റെ ഉദ്ദേശം വേറെ പലതുമാണ്. അതിനൊന്നും തന്നെ കിട്ടില്ല. വേറെ ആളെ നോക്കേണ്ടതാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വിസി നിയമനത്തിൽ ഗവർണർക്ക് സുപ്രീംകോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അതിൽ സുപ്രീംകോടതി തീരുമാനിക്കുമല്ലോ. വർഗീയ നിലപാടുകൾ സ്വാകരിച്ചുകൊണ്ടാണല്ലോ ഗവർണർ ഉൾപ്പെടെ നിലപാട് സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമാണ് നടക്കുന്നതെന്ന് സിപിഎം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. കോടതി ഒരു നിലപാട് പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ കഴിയാത്തവരാണ് അപ്പീലും കാര്യങ്ങളുമായി പോകുന്നത്. അതിൽ ഞങ്ങൾക്ക് രാഷ്ട്രീയപ്രശ്നമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
