ഹോംവർക്ക് ചെയ്തില്ല, രണ്ടാം ക്ലാസുകാരനെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസ്

ചണ്ഡീഗഡ്: ഹരിയാനയിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയോട് സ്‌കൂൾ അധികൃതർ ക്രൂരമായി പെരുമാറിയതായി പരാതി. ഏഴു വയസുകാരനെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്‌കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും ബസ് ഡ്രൈവർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഹരിയാനയിലെ പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. അടുത്തിടെയാണ് തന്റെ മകനെ ഈ സ്‌കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകനെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്‌കൂൾ ബസ് ഡ്രൈവറെ കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കണ്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. വീഡിയോ കണ്ടതിനുശേഷം, താനും മറ്റ് കുടുംബാംഗങ്ങളും അതേ ദിവസം തന്നെ സ്‌കൂളിലെത്തി സ്‌കൂൾ പ്രിൻസിപ്പൽ റീനയോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ മകൻ ഹോംവർക്ക് ചെയ്തില്ലെന്നും ബസ് ഡ്രൈവർ അജയെ വിളിച്ച് മകനെ ശകാരിച്ചതായും പ്രിൻസിപ്പൽ പറഞ്ഞതായും മാതാപിതാക്കൾ പറയുന്നു.


'അജയ് സ്‌കൂളിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ടതായി എന്റെ മകൻ ഞങ്ങളോട് പറഞ്ഞു. ഡ്രൈവർ എന്റെ മകനെ പലതവണ അടിക്കുകയും സംഭവത്തിന്റെ വീഡിയോ എടുക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അയാൾ എന്റെ മകനെ ഭീഷണിപ്പെടുത്തി,'- കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.


ഹോംവർക്ക് പൂർത്തിയാക്കാത്തതിന് വിദ്യാർഥിയെ ശകാരിക്കാൻ ബസ് ഡ്രൈവറെ വിളിപ്പിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ സമ്മതിച്ചു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിൽ എത്തി വിഷയം ഉന്നയിച്ചപ്പോഴാണ് ബസ് ഡ്രൈവർ മർദ്ദിച്ച കാര്യം അറിയുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞതായും കുട്ടിയുടെ അമ്മ പറയുന്നു. അച്ചടക്കമില്ലായ്മയ്ക്കും മോശം പെരുമാറ്റത്തിനും ബസ് ഡ്രൈവറെ നേരത്തെ പിരിച്ചുവിട്ടതായും പ്രിൻസിപ്പൽ പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്‌കൂൾ ബസ്സിന്റെ ഡ്രൈവർ അജയ്‌യും കുറ്റക്കാരാണെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സെപ്റ്റംബർ 23 നാണ് സംഭവം നടന്നതെന്നും ശനിയാഴ്ചയാണ് കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും പൊലീസ് പറയുന്നു.

Previous Post Next Post