ഓണക്കാലത്ത് കായവറുത്തതിനും ശർക്കരവരട്ടിക്കും ഡിമാൻഡ് കൂടും. ഓണസദ്യയിൽ ആദ്യം സ്ഥാനം പിടിക്കുന്നതും ഇവയാണ്. അവയ്ക്കൊപ്പം ഇത്തവണ പരീക്ഷിക്കാവുന്ന വിഭവങ്ങളാണ് കോവയ്ക്ക, പീച്ചിങ്ങ വറുത്തുപ്പേരികൾ.
കോവയ്ക്ക വറുത്തുപ്പേരി
കോവയ്ക്ക- 10 എണ്ണം
മുളകുപൊടി- ആറ് ടീസ്പൂൺ
മഞ്ഞൾപൊടി- ഒരുനുള്ള്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
കോവയ്ക്ക നീളത്തിൽ നേർമയായി അരിഞ്ഞെടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും വെച്ചശേഷം, വെളിച്ചെണ്ണയിലിട്ട് വറുത്തുകോരാം.
പീച്ചിങ്ങ വറുത്തുപ്പേരി
പീച്ചിങ്ങ- 500 ഗ്രാം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- നാല് അല്ലി
വറ്റൽമുളക്- നാലെണ്ണം
സ്പ്രിങ് ഒനിയൻ- രണ്ട് തണ്ട്
സോയാ സോസ്- ഒരു ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
പീച്ചിങ്ങ തോലുകളഞ്ഞ് കഴുകി ചതുരാകൃതിയിൽ മുറിക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വറ്റൽമുളകും ചതച്ചിട്ട് വഴറ്റി അതിലേക്ക് പീച്ചിങ്ങ കൂടി ചേർത്തിളക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ച സ്പ്രിങ് ഒനിയൻ കൂടി ചേർക്കാം. ശേഷം പാകത്തിന് ഉപ്പും സോയാസോസും കുരുമുളകുപൊടിയും ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക.
മറ്റൊരു രീതിയിലും ഇത് തയ്യാറാക്കാം. പീച്ചിങ്ങ നേർമയായി അരിഞ്ഞ് അതിൽ, ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർക്കുക. അര മണിക്കൂറിനുശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്‌തെടുക്കാം.
