'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നാണെല്ലോ ചൊല്ല്.., സദ്യയില്ലാത്ത ഓണം മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. തിരുവോണ നാളിൽ ഏറ്റവും പ്രധാനം വിഭവസമൃദ്ധമായ സദ്യ തന്നെയാണ്. തൂശനിലയിൽ 26 കൂട്ടം കറികളും ചോറും വിളമ്പി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വീട്ടിലെ എല്ലാവരും നിലത്തിരുന്നാണ് സദ്യ കഴിക്കുക. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്ന് ലഭിക്കും. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.
നാട് ഓടുമ്പോൾ നടുവെ ഓടണമെല്ലോ...
കാലത്തിനനുസരിച്ച് ഓണക്കറികളിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് കാലത്ത് എരിശ്ശേരി സദ്യയിൽ നിർബന്ധമായിരുന്നു. ഇന്ന് എരിശ്ശേരിക്ക് പകരക്കാരനായി പലയിടത്തും കൂട്ടുകറി ഉപയോഗിക്കാറുണ്ട്. മട്ടിപ്പഴം അരിഞ്ഞിട്ടതിൽ തൈരുകൂടി കലർത്തിയതായിരുന്നു പണ്ടത്തെ മധുരക്കറി. ഇന്ന് അതിനു പകരം കൈതച്ചക്കയോ മാമ്പഴമോ ആണ് ഉപയോഗിക്കുന്നത്.
സദ്യ വിളമ്പുന്നതിലും ഉണ്ട് ചില ചിട്ടവട്ടങ്ങൾ
സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില രീതികളുണ്ട്. ദഹനപ്രക്രിയയെ കൃത്യമായി സംതൃപ്തി പെടുത്തിയാണ് സദ്യയുടെ നിയമാവലി പഴമക്കാർ തയ്യാറാക്കി വെച്ചിരിക്കുന്നത്. മൂപ്പെത്തിയതോ തീരെ തളിരോ ആകാത്ത വാഴയിലയാണ് സദ്യ വിളമ്പാൻ നല്ലത്. തൂശനിലയുടെ അഗ്രഭാഗം ഉണ്ണാനിരിക്കുന്ന ആളുടെ ഇടതു വശത്തേക്ക് വരുന്ന രീതിയിലാവണം വയ്ക്കാൻ. ഇലയുടെ ആദ്യപകുതിയിൽ തൊടുകറികളും രണ്ടാം പകുതിയിൽ ചോറും വിളമ്പും.
ഇടത്തു നിന്ന് വലത്തോട്ടാണ് വിഭവങ്ങൾ വിളമ്പേണ്ടത്. എന്നാൽ കഴിക്കുന്നതോ വലത്തു നിന്ന് ഇടത്തോട്ടും. കിഴക്കോട്ട് തിരിഞ്ഞ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അർദ്ധപത്മാസനത്തിലിരുന്ന് സദ്യയുണ്ണുന്നതാണ് പരമ്പരാഗതമായ രീതി. ഈ ഇരുപ്പ് ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു.
സദ്യ കഴിക്കേണ്ട വിധം
തൂലനിലയിൽ ആദ്യം എത്തുക ഉപ്പാണ്. പിന്നാലെ കായ വറുത്തതും ശർക്കരവരട്ടിയും ഹാജർ വെക്കും. തുടർന്ന് പഴവും പപ്പടവും വരും. ഇതിന് ശേഷമാണ് കറികൾ ഓരോരുത്തരുടെയും വരവ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ. പിന്നാലെ അവിയലും തോരനും കാളനും എത്തും. ഇവയ്ക്ക് ശേഷമാണ് ചോറ് വിളമ്പേണ്ടത്.
ചോറിന് മീതേ പരിപ്പ്, അതിന് മീതേ നെയ് ഒഴിക്കും. ഇനി സദ്യ കഴിച്ചു തുടങ്ങാം. ചോറും പരിപ്പും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. ശേഷമാണ് സാമ്പാറിൻറെ എൻട്രി. രണ്ടാം ഘട്ടം ചോറും സാമ്പാറും കൂട്ടി കഴിക്കാം. തുടർന്ന് അവിയലും എരിശ്ശേരിയും ചേർത്ത് ഉണ്ണണം. എല്ലാ തോടുകറികളും ഇതിനൊപ്പം കൂട്ടണം. ശേഷം പുളിശ്ശേരി കൂട്ടി മൂന്നാം ഘട്ടം ചോറു കഴിക്കണം. ഇത്രയുമൊക്കെ കഴിഞ്ഞാൽ അൽപം മധുരം ആവാം. ഇലയിൽ അൽപം ചോറ് നീക്കി വെച്ച് പായസത്തിന് ഇടം കൊടുക്കണം. പായസത്തിനൊപ്പം പഴവും ചേർത്ത് കഴിക്കാം.
ഇതൊക്കെ ഒടുവിൽ ദഹിക്കുന്നതിനായി ഇലയിൽ നീക്കിവെച്ചിരുന്ന ചോറിനൊപ്പം അൽപ്പം പച്ചമോരും രസവും കൂട്ടി കഴിക്കാം. സൈഡിൽ ഇരിക്കുന്ന നാരങ്ങ അച്ചാർ കൂടി ഒന്ന് രുചിച്ച ശേഷം സംതൃപ്തിയോടെ ഇല മടക്കാം.
ഓണ വിഭവങ്ങൾ
ഉപ്പ്, കായ വറുത്തത്, ശർക്കര വരട്ടി, പഴം, പപ്പടം, ഇഞ്ചിക്കറി, അച്ചാർ, മുളക് കൊണ്ടാട്ടം, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, വെള്ള കിച്ചടി, ഓലൻ, കാളൻ, ബീറ്റ്റൂട്ട് കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, തോരൻ, അവിയൽ, എരിശേരി, പരിപ്പ്, നെയ്യ്, സാമ്പാർ, പുളിശ്ശേരി, അടപ്രഥമൻ, പാലട പായസം, രസം, മോര്.
