'അങ്ങേരുടെ സ്വഭാവം ആയിരിക്കും, നല്ലൊരു വാക്ക് പറയാമായിരുന്നു'; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയിൽ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. 'അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതിൽ ഒരു വിഷമം ഉണ്ട്' - ആനന്ദവല്ലി പറഞ്ഞു.


കഴിഞ്ഞദിവസം രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. ഇതോടെ 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു. നമ്മൾ ഒരു കാര്യം ഒരാളോട് ചോദിച്ചാൽ, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതിൽ ഒരു വിഷമം ഉണ്ട്'- ആനന്ദവല്ലി കൂട്ടിച്ചേർത്തു.


'അടുത്തവീട്ടിൽ പണിക്ക് പോയപ്പോഴാണ് സുരേഷ് ഗോപിയെ കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് ചോദിച്ചു. അതിന് അദ്ദേഹം നല്ല മറുപടിയും നൽകിയില്ല. നല്ലൊരു വാക്കും പറഞ്ഞില്ല. അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാൻ വിചാരിക്കുകയാണ്. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അത് ഒരു വിഷമം ഉണ്ട്. നമ്മൾ ഒരു കാര്യം ചോദിച്ചപ്പോൾ.നല്ലൊരു വാക്കില്ലേ. ഒരാളോട് ഒരു കാര്യം ചോദിക്കുമ്പോൾ, ചേച്ചി അത് കിട്ടും'- ആനന്ദവല്ലിയുടെ വാക്കുകൾ.


അതിനിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. 'കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ'- സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടൻ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ''എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്''- ഇതോടെ ചുറ്റും കൂടിനിന്നവർ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.


തുടർന്നു 'ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ' എന്ന് ആനന്ദവല്ലി ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ''അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാൻ അതിനുള്ള മറുപടിയും നൽകി കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ''- സുരേഷ് ഗോപി പറഞ്ഞു.

Previous Post Next Post