ജനറല്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്കൊപ്പം കയറും, ഇടയ്ക്ക് ഷര്‍ട്ട് മാറി ഇറങ്ങുന്നതിനാല്‍ സംശയം തോന്നില്ല! പക്ഷേ മൊബൈല്‍ കള്ളന് പിടിവീണു.


റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളില്‍ കയറിയാണ് ഇയാള്‍ സ്ഥിരമായി മൊബൈലുകള്‍ മോഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ പ്രതിയുടെ കൈയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകല്‍ സമയങ്ങളില്‍ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാള്‍ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളില്‍ കയറുന്ന സ്ത്രീകളുടെ ബാഗില്‍ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളില്‍ നിന്നും മൊബൈലുകള്‍ കവരുന്നാണ് രീതി.

ഷർട്ട് മാറി രക്ഷപ്പെടല്‍

ജനറല്‍ കോച്ചില്‍ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാള്‍ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനില്‍ വച്ച്‌ തന്നെ ഷർട്ട് മാറി അതിവേഗം പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകള്‍ കുറഞ്ഞ വിലയില്‍ അതിഥി തൊഴിലാളികള്‍ക്ക് മറിച്ച്‌ വില്‍ക്കുകയാണ് ഇയാളുടെ രീതി. ഇതുവഴി ലഭിക്കുന്ന തുക ലഹരി ഉപയോഗത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പിന്നാലെ ഉടനടി വസ്ത്രം മാറുന്നതിനാല്‍ സി സി ടി വി ദൃശ്യങ്ങളിലും തിരിച്ചറിയാൻ പാടായിരുന്നെന്ന് ആർ പി എഫ് വ്യക്തമാക്കി. മോഷണത്തിന് ശേഷം പവർ ഹൗസ് റോഡ് വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ പ്രതിയെ നാടകീയമായാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post