തൊടുപുഴ: ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ തൃശൂരിൽ വിമർശിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വർഷം മുൻപ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചത്. അവരാണ് തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കിയിൽ കലുങ്ക് സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ ആവശ്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അല്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ സംഗമത്തെ അവർ ഭയപ്പെടുന്നത്. ഇനിയും കലുങ്ക് സദസ്സ് തുടർന്നുകൊണ്ടിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തിലെങ്കിലും താൻ വരണമെന്നാണ് ആളുകൾ പറയുന്നത്. ഇവിടെ നിന്നാൽ ഇയാൾക്ക് ഡൽഹിയിൽ പണിയൊന്നുമില്ലേന്ന് ചോദിക്കും. ഡൽഹി പോയാൽ ചോദിക്കും നാട്ടിൽ കാണാൻ ഇല്ലല്ലോയെന്ന്. സിനിമയിൽ അഭിനയിച്ചാൽ അയാൾക്ക് ഇതാണ് നല്ല പണിയെന്ന് പറയും. ഇത് പറയുന്നവർക്ക് എന്തുമൂല്യമുണ്ട്. എന്ത് ജന്മോദ്ദേശ്യമുണ്ടെന്നും സുരേഷ് ഗോപി ചോദിച്ചു.
രാഷ്ട്രീയ സേവകൻ എന്ന നിലയിൽ പൂർണനാണെന്ന് പറയുന്നില്ല. എന്നാൽ പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് തൃശൂർക്കാർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. തൃശൂരിലെ മറ്റ് എംപിയെക്കാൾ വികസനം കൊണ്ടുവരും. അത് ചെയ്തിരിക്കും. കെ കരുണാകരനും ഒ രാജഗോപാലും കേരളത്തെ അനുഗ്രഹിച്ച പോലെ ഒരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയിട്ട് പ്രവർത്തിച്ചിട്ടില്ല. കരുണാകരൻ സാർ എന്റെ രാഷ്ട്രീയക്കാരനല്ല. എന്നാൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ കാണാതിരിക്കരുത്. രാഷ്ട്രീയത്തിൽ നല്ല കാര്യങ്ങൾ ചെയ്തവരെ തള്ളിപ്പറയില്ല. അതുകൊണ്ടാണ് ഇന്ദിരാഗാന്ധിയെ നെഞ്ചേറ്റി ലാളിക്കുന്നത്. മൻമോഹൻ സിങ് നല്ല ധനകാര്യമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി ഉരുക്കുവനിതയാണെന്നത് ആർക്കും നിഷേധിക്കാൻ പറ്റില്ല. ഒരു കളങ്കം ഉണ്ടായിട്ടുണ്ട്. അതിനെ താൻ എതിർത്തിട്ടുമുണ്ട്. ഒരു മന്ത്രിയല്ലായിരുന്നെങ്കിൽ കുറച്ചുകൂടി നിങ്ങൾക്ക് തന്നെ കിട്ടുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
തമിഴ്‌നാട്ടിലേക്ക് എയിംസ് കൊണ്ടുപോകാമെന്ന് താൻ പറഞ്ഞിട്ടില്ല. തൃശൂരിൽ എയിംസ് തരില്ലെന്ന് പറയുന്ന കേരള സർക്കാർ നിലപാട് ദുഷ്ടലാക്കാണ്. തൃശൂരിന് കൊടുത്തില്ലെങ്കിൽ നിങ്ങൾ തമിഴ്‌നാട്ടിന് കൊടുത്തോളു എന്ന് താൻ പറഞ്ഞതാണ് വളച്ചൊടിച്ച് ഇങ്ങനെയൊരു നുണ എഴുന്നള്ളിച്ചത്. എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്നും ഇത് പത്തുവർഷമായി ഉള്ള ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
