കേരളത്തില്‍ അപകടം കൂടുതല്‍; മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും കുറവ്

തിരുവന്തപുരം: റോഡപകടങ്ങളിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും അപകട മരണനിരക്കിൽ ദേശീയ ശരാശരിയെക്കാൾ താഴെ. രാജ്യത്ത് നൂറ് അപകടങ്ങൾ സംഭവിക്കുമ്പോൾ മുപ്പത്തിയാറ് പേർ മരിക്കുന്നുവെന്നാണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ ഇത് 8.5 ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.


കേരളത്തിലെ ഉയർന്ന ആരോഗ്യസംരക്ഷണ സംവിധാനമാണ് മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2023ൽ 48,091 അപകടങ്ങളാണ് ഉണ്ടായത്.അതിൽ 4,080 പേരാണ് മരിച്ചതെന്ന് കണക്കുകളിൽ പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപകട മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. അപകട മരണനിരക്കിൽ മിസോറാം ആണ് മുന്നിൽ. 90.6 ആണ് മരണനിരക്ക്. രണ്ടാം സ്ഥാനത്ത് ബിഹാർ ആണ്. മരണനിരക്ക് 80.6. മൂന്നാം സ്ഥാനത്തുള്ള ഝാർഖണ്ഡിൽ അപകടമരണനിരക്ക് 78.5 ആണ്.


2023-ൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിൽ ആണ്. 67,123 അപകടങ്ങളിൽ 18,347 പേർ മരിച്ചു. മരണനിരക്ക് 27.3. അപകടങ്ങളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 44,534 അപകടങ്ങളിൽ 23,652 പേർ മരിച്ചു.


സംസ്ഥാനത്ത്, മലപ്പുറവും കൊച്ചിയുമാണ് അപകടങ്ങളുടെ എണ്ണത്തിൽ മുന്നിൽ. യഥാക്രമം 3,253, 2,803 എന്നിങ്ങനെയാണ് അപകടങ്ങൾ. എന്നാൽ അപകട മരണങ്ങളിൽ കൊല്ലമാണ് മുന്നിൽ. പത്ത് ശതമാനം പേർ മരിച്ചതായാണ് കണക്കുകൾ. രണ്ടാമത് മലപ്പുറമാണ്. കേരളത്തിലെ ഏത് റോഡുകളിൽ അപകടം ഉണ്ടായാലും മണിക്കൂറിനുള്ളിൽ തന്നെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ഏത്തിക്കാൻ കഴിയുന്നതാണ് മരണനിരക്ക് കുറയാനുള്ള കാരണം.

Previous Post Next Post