'നാടകം കളിച്ച്‌ ജനങ്ങളെ വിഡ്ഢികളാക്കുന്നു'; പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍റെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.

ആദ്യം കാണാതായെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ തന്നെ പരാതി നല്‍കുകയും പിന്നീട് അയാളുടെ ബന്ധുവീട്ടില്‍ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍ വിശ്വസിക്കാൻ കഴിയില്ല. നാളെ വിഷയത്തില്‍ കോടതി എന്ത് നിലപാട് എടുക്കുമെന്ന് നോക്കി ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കും.

ദേവസ്വം ബോർഡിന്റെ വിജിലൻസ് നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഒളിപ്പിച്ചു വെച്ച ശേഷം കണ്ടില്ലെന്ന് പറഞ്ഞു പരാതി പറയുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കോടതിയുടെ പരിഗണയിലുള്ള കാര്യമാണ്. റിപ്പോർട്ട്‌ കോടതി പരിഗണിച്ചശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. സ്വർണ്ണപീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച്‌ ലാഭമുള്ള കേസ് അല്ല. അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോള്‍ ശില്‍പവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്ബോള്‍ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവർ അത് ചെയ്തിട്ട് ഉണ്ടാകും എന്ന് കരുതുന്നു. നടപടികള്‍ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
Previous Post Next Post