'ഇനി വരാനുള്ളത് ഹൈഡ്രജൻ ബോംബ്, ശേഷം പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിമുഖീകരിക്കാൻ കഴിയില്ല'; രാഹുൽ ഗാന്ധി

പട്‌ന: കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് 'വോട്ടർ അധികാർ യാത്ര'യുടെ സമാപന ദിനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പുറത്തുവിട്ട വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ കൂടുതൽ ഗുരുതരമായ വിവരങ്ങൾ പുറത്തുവരാൻ പോകുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.


ഹൈഡ്രജൻ ബോംബ് എന്നാണ് വരാനിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരിക്കുന്നത്. വോട്ട് മോഷണത്തിന് പിന്നാലെ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലിന് കോൺഗ്രസ് തയ്യാറെടുക്കുകയാണ്. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖം ഉയർത്തി രാജ്യത്തെ അഭിമുഖീകരിക്കാൻ സാധിക്കില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.


'ഭരണഘടനയെ ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ല, ഇതാണ് വോട്ട് അധികാർ യാത്രയിലൂടെ ഞങ്ങൾ വ്യക്തമാക്കിയത്. യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ അവസരത്തിൽ ബിജെപിക്ക് ഒരു മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ആറ്റം ബോംബിനെ കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാൽ ഇനി വരാനുള്ളത് ഹൈഡ്രജൻ ബോംബാണ്. ആറ്റം ബോംബിനെക്കാൾ പതിൻമടങ്ങ് പ്രഹര ശേഷിയുള്ളതാണിത്. ബിജെപിയും ജനങ്ങളും ഇക്കാര്യം കേൾക്കാൻ തയ്യാറായി ഇരിക്കണം. വോട്ട് മോഷണത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരമെന്നും, ജനങ്ങൾ യാഥാർഥ്യം തിരിച്ചറിയും എന്നും അദ്ദേഹം പ്രതികരിച്ചു. പിന്നാലെയായിരുന്നു വെളിപ്പെടുത്തലിന് ശേഷം മോദിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞത്.


ബിഹാർ വിപ്ലവ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള മണ്ണാണ്. രാജ്യത്തിന്റെ ഭാവിയിലേക്ക് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് വഴികാട്ടിയാകും. കോൺഗ്രസ് ഉയർത്തുന്ന വോട്ട് മോഷണം എന്ന ആശയം അവകാശങ്ങളുടെ കവർച്ച കൂടിയാണ്. ജനാധിപത്യത്തിന്റെ കവർച്ചയാണ്, തൊഴിലിന്റെ കവർച്ചയാണ്. ബിജെപി പതിയെ ജനങ്ങളുടെ റേഷൻ കാർഡ് ഉൾപ്പെടെയുള്ള അവകാശങ്ങൾ പോലും എടുത്ത് കളയുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Previous Post Next Post