യാത്രയ്ക്കിടെ ബസില്‍ കുഴഞ്ഞുവീണ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ.
വടയാർ ഭൂതങ്കേരില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തുറയില്‍ എസ്. സനീഷിന് (39) ആണ് ബസ് കണ്ടക്ടറായ മധുരവേലി വടക്കേച്ചിറയില്‍ വി.ടി. വിനായകന്റെയും ഡ്രൈവർ മാൻവെട്ടം കുഴുപ്പില്‍ ലൈസണ്‍ കെ. സൈമണിന്റെയും സമയോചിതമായ ഇടപെടല്‍ ആശ്വാസമായത്.
വ്യാഴാഴ്ച രാവിലെ ഒൻപതിന് വടയാർ പൊട്ടൻചിറയില്‍നിന്നാണ് സനീഷ് വൈക്കം- കല്ലറ- കോട്ടയം റൂട്ടില്‍ സർവീസ് നടത്തുന്ന വന്ദന ബസില്‍ കയറിയത്. കയറിയ ഉടൻ സനീഷിന് ശ്വാസ തടസ്സമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നീട് സനീഷ് അബോധാവസ്ഥയിലുമായി. ഉടൻതന്നെ കണ്ടക്ടർ വിനായകൻ അടുത്ത ആശുപത്രിയിലേക്ക് ബസ് പോകാൻ നിർദേശിച്ചു.
തലയോലപ്പറമ്ബ് പോലീസ് സ്റ്റേഷന് സമീപമുള്ള ക്ലിനിക്കിന് മുമ്ബില്‍ ബസ് നിർത്തി ബസ് ജീവനക്കാരും കടുത്തുരുത്തി പോളിടെക്നിക് കോളേജിലെ വിദ്യാർഥികളും ചേർന്ന് രോഗിയെ താങ്ങിയെടുത്ത് എത്തിച്ചെങ്കിലും ഈ സമയം ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു. വീണ്ടും ബസില്‍ രോഗിയുമായി ഒന്നരക്കിലോമീറ്റർ ദൂരത്തിലുള്ള തലയോലപ്പറമ്ബ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കെത്തി.
ഇതിനിടയില്‍ ബസ്സ്റ്റാൻഡ് അടക്കമുള്ള പ്രധാന സ്റ്റോപ്പുകളില്‍ നിർത്താതെയാണ് ബസ് ആശുപത്രിയിലേക്ക് എത്തിയത്. ബസില്‍നിന്ന് ജീവനക്കാരും വിദ്യാർഥികളും ചേർന്ന് സനീഷിനെ ആശുപത്രിയ്ക്കുള്ളിലെത്തിച്ചു. സംഭവസമയം ഇവിടെയുണ്ടായിരുന്ന ഡോ. കാതറിൻ റീത്ത ഡേവീസും നഴ്സ് രാഖിയും ചേർന്ന് പ്രാഥമിക ചികിത്സ നല്‍കി. അപസ്മാരത്തിന്റെ ലക്ഷണം കാണിച്ചതിനാല്‍ അതിനുള്ള കുത്തിവെപ്പ് നല്‍കി. രോഗിയുടെ വിവരം തിരക്കി 10 മിനിട്ടിലധികം പുറത്തുകാത്തുനിന്ന ജീവനക്കാരും യാത്രക്കാരും സനീഷിന് ആശ്വാസമായി എന്നറിഞ്ഞശേഷമാണ് ആശുപത്രിയില്‍നിന്ന് പോയത്.
തിരക്കുള്ള സമയമായിരുന്നെങ്കിലും തുടർന്നുള്ള സ്റ്റോപ്പുകളില്‍നിന്ന് യാത്രക്കാരെ കയറ്റാതെ ബസ് കോട്ടയത്തേക്ക് യാത്രതുടർന്നു. സനീഷിനെ പിന്നീട് ആശുപത്രി ജീവനക്കാർ ഇടപെട്ട് ആംബുലൻസില്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കടുത്തുരുത്തിയിലുള്ള സുഹൃത്തിനെ കാണാൻ പോകുന്നതിനാണ് മകൻ ബസില്‍ കയറിയതെന്ന് സനീഷിന്റെ അച്ഛൻ സദാശിവൻ പറഞ്ഞു.