തമിഴക വെട്രി കഴകം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് വിജയ്.
എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. 'എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരില്‍ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.' എന്നാണ് വിജയ് പ്രതികരിച്ചത്.
വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയില്‍ എത്തി. വിജയ് യുടെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകള്‍. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തില്‍ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.