'പലതും പറയാനുണ്ട്; ഈ തിരക്ക് ഒന്നുകഴിയട്ടെ'; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വേടന്‍ മടങ്ങി

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ റാപ് ഗായകൻ വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. കേസിനെ കുറിച്ച് കൂടുതൽ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


'കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതിയിൽ നല്ല വിശ്വാസമുണ്ട്. നിങ്ങൾ എല്ലാവരും പേടിക്കാതിരിക്ക്. കേസുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പറയും. ഈ തിരക്കൊന്ന് കഴിയട്ടെ. പരിപാടികളിലേക്ക് മടങ്ങിയെത്തും'- വേടൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.


പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണു ബലാൽസംഗം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടൻ മൊഴി നൽകിയതായാണ് വിവരം. താനും പരാതിക്കാരിയും തമ്മിൽ 2021 മുതൽ 2023 വരെ നല്ല ബന്ധത്തിലായിരുന്നു. സൗഹൃദത്തിനു മുൻകയ്യെടുത്തത് പരാതിക്കാരി തന്നെയാണ്. ഒട്ടേറെ തവണ പലയിടങ്ങളിൽ ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും വേടൻ പൊലീസിനോടു പറഞ്ഞു.


ഇന്നലെ 6 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച വേടനോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Previous Post Next Post