സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത.


അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) വിജയിക്കാത്തവർക്ക് ജോലിയില്‍ തുടരാനാകില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്ന്, കേരളത്തിലെ 50,000-ലധികം സ്കൂള്‍ അധ്യാപകർക്ക് തൊഴില്‍ ഭീഷണി നേരിടുന്നു.

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) നിലവില്‍ വരുന്നതിന് മുമ്ബ് നിയമിതരായ അധ്യാപകർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, ഇതുവരെ ടെറ്റ് യോഗ്യതയില്‍ ഇളവ് അനുവദിച്ചിരുന്ന സംസ്ഥാന സർക്കാർ നിലപാട് പുനർവിചിന്തനം ചെയ്യേണ്ടി വരും. അല്ലെങ്കില്‍, അനുകൂല വിധി നേടാൻ സുപ്രീംകോടതിയെ വീണ്ടും സമീപിക്കേണ്ടി വരും.

ആർടിഇ നിയമത്തിന് അനുസൃതമായി, ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എൻസിടിഇ) നിയമങ്ങളും ഭേദഗതി ചെയ്തിരുന്നു. 2010 ഓഗസ്റ്റ് 23-ന് എൻസിടിഇ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അധ്യാപകരാകാൻ ടെറ്റ് യോഗ്യത നിർബന്ധമാക്കിയിരുന്നു. 2011 ഫെബ്രുവരി 11-ന് ടെറ്റ് നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും എൻസിടിഇ പുറത്തിറക്കി. 2017 ഓഗസ്റ്റ് 3-ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍, ടെറ്റ് യോഗ്യത ഇല്ലാത്തവർ 2019 ഏപ്രില്‍ 1-നകം അത് നേടണമെന്ന് നിർദേശിച്ചിരുന്നു.
എന്നാല്‍, ഈ നിർദേശങ്ങള്‍ കർശനമായി പാലിക്കാതെ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അധ്യാപകർക്ക് ഇളവ് അനുവദിച്ച്‌ നിയമനങ്ങള്‍ നടത്തി. കേരളത്തില്‍ വർഷംതോറും മൂന്ന് ടെറ്റ് പരീക്ഷകള്‍ നടക്കുന്നുണ്ടെങ്കിലും, ആർടിഇ നിലവില്‍ വരുന്നതിന് മുമ്ബ് നിയമിതരായ അധ്യാപകർ പൊതുവെ ഈ പരീക്ഷ എഴുതാറില്ലായിരുന്നു.

Previous Post Next Post