ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ചൈനീസ് ഭീഷണി തടയാൻ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം ചൈന നിർമിക്കുന്ന അണക്കെട്ടിന് ബദലായി വൻ അണക്കെട്ട് നിർമിക്കാനാണ് ഇന്ത്യയുടെ നീക്കം. അരുണാചൽ പ്രദേശിലെ ദിബാങിലാണ് ഇന്ത്യ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. 17,069 കോടി രൂപ ചെലവിൽ 278 മീറ്റർ ഉയരത്തിലാണ് ഇന്ത്യയുടെ അണക്കെട്ട് പദ്ധതിയിടുന്നത്.
പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് അണക്കെട്ടിന്റെ നിർമാണ ചുമതല. 2880 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം കൂടി ലക്ഷ്യമിടുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ആരംഭിക്കാനുള്ള ആഗോള ടെൻഡർ വിളിച്ചു. 2032 ൽ നിർമാണം പൂർത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി സാധ്യമാകുന്നതോടെ അരുണാചൽ പ്രദേശിന് പ്രതിവർഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.
ബ്രഹ്മപുത്രയുടെ പ്രധാന പോഷക നദിയായ യാർലുങ് സാങ്പോ നദിയിൽ ചൈന നിർമിക്കുന്ന അണക്കെട്ട് 16,700 കോടി ഡോളർ ചെലവിലാണ് ഒരുങ്ങുന്നത്. നദി അരുണാചൽ പ്രദേശിക്കുന്നതിന് തൊട്ടുമുൻപ് ടിബറ്റൻ അതിർത്തിയിലെ മാലയൻ മല നിരകൾക്ക് സമീപത്തെ നിങ്ചിയിൽ ആണ് ചൈന അണക്കെട്ട് നിർമ്മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.
ചൈനീസ് അണക്കെട്ടിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാൽ ഇന്ത്യൻ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ഇന്ത്യയും അണക്കെട്ട് നിർമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചൈനീസ് അണക്കെട്ട് ഇന്ത്യയെയും ബംഗ്ലാദേശിനെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
