41പേരുടെ ജീവനെടുത്ത തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
21 പേർ ശ്വാസം കിട്ടാതെയാണ് മരിച്ചത്. 10ലധികം പേരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പലരും ആശുപത്രിയിലെത്തും മുന്‍പ് പലരും മരിച്ചിരുന്നു.
തിക്കിലും തിരക്കിലും കുടുങ്ങിയവരില്‍ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേല്‍ പലരും ചവിട്ടി കയറി വാരിയെല്ലുകള്‍ ഒടിഞ്ഞും ആന്തരിക പരിക്കുകള്‍ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.
കൂടാതെ, അപകടത്തില്‍ മരിച്ച പത്ത് കുട്ടികളുടെയും ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അവരുടെ വാരിയെല്ലുകളും കോളർബോണുകളും തകർന്നിട്ടുണ്ട്. കഴുത്തിലും ഇടുപ്പിലും പുറകിലും ഒടിവുകളും പേശികള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തില്‍ കുടുങ്ങിയ കുട്ടികളുടെ കഴുത്തിലെ അസ്ഥികളും ഒടിഞ്ഞിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആക്ഷേപമാണുള്ളത്. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.