തലമുറകളുടെ നവനിർമ്മിതിയ്ക്കായി
പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപക സമൂഹം സർവ്വദാ സമാദരണീയരാണ്.
നമ്മുടെ സാംസ്‌കാരികതയെ സ്വാധീനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചുവരുന്ന
അധ്യാപകരെ മികച്ച അധ്യാപകനുള്ള
സംസ്ഥാനതല അവാർഡ് നൽകി പൊതു
വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു വരുന്നു.
നിസ്തുലമായ സേവനം കൊണ്ടും സർഗ്ഗാത്മകശേഷിക്കൊണ്ടും ശ്രദ്ധേയരായ അധ്യാപകർക്കുള്ള രണ്ടായിരത്തി ഇരുപത്തിയഞ്ച്
വർഷത്തെ സംസ്ഥാന അദ്ധ്യാപക
അവാർഡുകൾ പ്രഖ്യാപിക്കുന്നു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും,
ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും,
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 3 അദ്ധ്യാപകരെയുമാണ് അവാർഡിന്
തെരഞ്ഞെടുത്തത്.
രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷത്തെ സംസ്ഥാനതല അധ്യാപക ജേതാക്കളെ
തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കളക്ടർ
ചെയർമാൻ ആയുള്ള ജില്ലാതല സെലക്ഷൻ
കമ്മിറ്റി ശുപാർശ ചെയ്ത്
എൽ.പി. വിഭാഗത്തിൽ നിന്നും ഇരുപത്തി രണ്ട്
യു.പി. വിഭാഗത്തിൽ നിന്നും പന്ത്രണ്ട്,
ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും
പത്തൊമ്പത്,
ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഒമ്പത്,
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും മൂന്ന്
എന്നിങ്ങനെ ആകെ അറുപത്തിയഞ്ച് ശുപാർശകൾ ലഭിച്ചിരുന്നു.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം
പരിഗണിച്ചും,
മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും,
എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ
ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ്
സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
അധ്യാപക അവാർഡുകൾ ഈ മാസം പത്താം തീയതി വൈകുന്നേരം 2.30 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് വിതരണം
ചെയ്യുന്നതാണ്.
രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങൾ ഇനി പറയുകയാണ്.
എൽ.പി. വിഭാഗം
1. ശ്രീമതി. ബീന ബി., പി.ഡി. ടീച്ചർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം
2. ശ്രീ. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ, ഇടുക്കി
3. ശ്രീ. സെയ്ത് ഹാഷിം കെ., വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ,
കുന്നുമ്മൽ, മലപ്പുറം.
4. ശ്രീ. ഉല്ലാസ് കെ., കെ. എൽ.പി.എസ്.ടി. (സീനിയർ ഗ്രേഡ്) ഗവൺമെന്റ് മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ
5 ശ്രീമതി. വനജകുമാരി കെ.എൽ.പി.എസ്.ടി. എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ,
കാസറഗോഡ്
യു.പി. വിഭാഗം
1. ശ്രീമതി. അജിത എസ്., യു. പി. എസ്. ടി. പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം
2. ശ്രീ. സജിത്ത് കുമാർ വി.കെ., പി.ഡി. ടീച്ചർ (യു.പി.എസ്.എ.) മധുസൂദനൻ തങ്ങൾ
സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ
3. ശ്രീ. സൈജൻ ടി., ടി. യു. പി. എസ്. ടി. ഗവൺമെന്റ് വി. എച്ച്. എസ്. എസ്.,
അയ്യന്തോൾ, തൃശ്ശൂർ
4. ശ്രീ. അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി.
ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം
5. ശ്രീ. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ,
മലപ്പുറം
സെക്കന്ററി വിഭാഗം
1. ശ്രീ. ഗിരീഷ് പി., എച്ച്.എസ്.ടി. ഗണിതം കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്
2. ശ്രീ. സജിമോൻ വി. പി., ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം
3. ശ്രീമതി. വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ
4. ശ്രീ. സജിത് കുമാർ പി. എം. എച്ച്.എസ്.ടി.
മലയാളം ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ
5. ശ്രീ. പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്
ഹയർസെക്കന്ററി വിഭാഗം
1. ശ്രീ. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം
2 ശ്രീ. സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ
3. ശ്രീ. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ.
ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം,
ആലപ്പുഴ
4. ശ്രീ. നൗഫൽ. എ, പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ,
തിരുവനന്തപുരം
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
1. ശ്രീ. ബിജു കെ. എസ്. , നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര,
എറണാകുളം
2. ശ്രീമതി. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി., ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര,
പത്തനംതിട്ട
3. ശ്രീ. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ
ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവൺമെന്റ് വി.എച്ച്.എസ്.എസ്.
(ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക്
പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന
പുരസ്‌കാരമാണ് പ്രൊഫസർ ജോസഫ്
മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം. സർഗ്ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് അവാർഡ് ജേതാക്കൾക്ക്
നൽകുന്നത്. രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ച് വർഷത്തെ അവാർഡിന് അർഹരായവരുടെ പേരു വിവരങ്ങൾ ഇനി പ്രഖ്യാപിക്കുകയാണ്.
സർഗ്ഗാത്മകത സാഹിത്യം
ഡോ. ടി. കെ. അനിൽകുമാർ, ഗവ. ഗേൾസ് എച്ച്. എസ്.എസ്., തലശ്ശേരി, കണ്ണൂർ,
പുസ്തകത്തിന്റെ പേര് - മൊയാരം 1948
വൈജ്ഞാനിക സാഹിത്യം
ശ്രീ. പ്രകാശൻ കരിവള്ളൂർ, ഗവ. യു.പി.എസ്., കോട്ടിക്കുളം, കാസറഗോഡ്
പുസ്തകത്തിന്റെ പേര് - സിനിമാക്കഥ
ബാലസാഹിത്യം
ശ്രീമതി. സുധ തെക്കേമഠം, ജി.ജെ.എച്ച്.എസ്. എസ്., നടുവട്ടം, പാലക്കാട്
പുസ്തകത്തിന്റെ പേര് - സ്വോഡ് ഹണ്ടർ
*അധ്യാപക നിയമനം സംബന്ധിച്ച
ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി*
ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ
ജഡ്ജിമാരായ ശ്രീ. ദീപാങ്കർ ദത്ത,
ശ്രീ. മൻമോഹൻ എന്നിവർ വിവിധ ഹൈക്കോടതികളിൽ നിന്നുള്ള ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഇരുപത്തിയെട്ട് സിവിൽ അപ്പീലുകൾ പരിശോധിച്ചുകൊണ്ട് 2025 സെപ്തംബർ 1 ന് വിധി പ്രഖ്യാപിച്ചു.
*ഈ കേസുകളിൽ പരിഗണിച്ച പ്രധാന
ചോദ്യങ്ങൾ*
അധ്യാപക യോഗ്യതാ പരീക്ഷ (ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് - ടെറ്റ്) ന്യൂനപക്ഷ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമാണോ എന്നും, ടെറ്റ് യോഗ്യത നേടുന്നത് അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും നിർബന്ധമാണോ എന്നതുമായിരുന്നു.
അധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത
നിർബന്ധമാക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ബാധിക്കുമോ എന്നും കോടതി പരിശോധിച്ചു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം രണ്ടായിരത്തിയൊമ്പത് വരുന്നതിന് മുമ്പ്, നിയമിക്കപ്പെട്ട അധ്യാപകർക്ക് ടെറ്റ് യോഗ്യത നിർബന്ധമാണോ എന്നതും പരിഗണനാ വിഷയമായിരുന്നു.
വിധിയിലെ പ്രധാന ഭാഗങ്ങൾ
ആർ.റ്റി.ഇ. ആക്ട് അനുസരിച്ച് ടെറ്റ് യോഗ്യത നിർബന്ധമാണ്, അത് നേടാത്ത
ഇൻ-സർവീസ് അധ്യാപകർക്ക് സർവീസിൽ തുടരാനുള്ള അവകാശം നഷ്ടപ്പെടും. ടെറ്റ് യോഗ്യത എന്നത് നിയമനത്തിനുള്ള ഒരു മിനിമം യോഗ്യതയായി കണക്കാക്കണം,
ഇത് സ്ഥാനക്കയറ്റത്തിനും ബാധകമാണ്.
ആർ.റ്റി.ഇ. ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന കാര്യം പരിശോധിക്കാൻ
വിഷയം വിശാല ബഞ്ചിന് വിടുന്ന കാര്യം പരിഗണിക്കാൻ രണ്ടംഗ ബഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി
കോടതിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, ആർ.റ്റി.ഇ. നിയമം വരുന്നതിന് മുൻപ്
നിയമിക്കപ്പെട്ട ഇൻ-സർവീസ് അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിർബന്ധമാണ്.
വിദ്യാഭ്യാസ അവകാശ നിയമം വരുന്നതിനു ഏറെ മുമ്പു തന്നെ നിയമിതരായ അധ്യാപകരുണ്ട്. അവർ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ സേവനമനുഷ്ഠിച്ചവരാണ്.
തങ്ങളുടെ വിദ്യാർത്ഥികൾക്ക് പരാതികൾക്കൊന്നും ഇടമില്ലാതെ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് വിദ്യാഭ്യാസം നൽകുന്നുണ്ട്.
ഇത്തരത്തിലുള്ള അധ്യാപകരെ ടെറ്റ് യോഗ്യത നേടിയില്ലെന്നതിന്റെ പേരിൽ പുറത്താക്കുന്നത് കഠിനമാണെങ്കിലും ഒരു നിയമം നടപ്പിലാക്കുന്നത് തിന്മയായി കാണാൻ കഴിയില്ല. (പാരഗ്രാഫ് 215)
കോടതി വിധിയുടെ തീയതിയിൽ (2025 സെപ്തംബർ 1) നിന്നും അഞ്ചു വർഷത്തിൽ താഴെ മാത്രം സർവ്വീസ് ബാക്കിയുള്ള സീനിയറായ അധ്യാപകർക്ക് റിട്ടയർമെന്റ് വരെ സർവ്വീസിൽ തുടരാം.
ടെറ്റ് യോഗ്യത നേടിയെങ്കിൽ മാത്രമെ ഇത്തരക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ കഴിയൂ. (പാരഗ്രാഫ് 216)
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള അഞ്ച് വർഷത്തിലധികം സർവ്വീസുള്ള അധ്യാപകർ സർവ്വീസിൽ തുടരണമെങ്കിൽ ഈ ഉത്തരവ് മുതൽ രണ്ട് വർഷത്തിനകം ടെറ്റ് യോഗ്യത നേടണം. ഏതെങ്കിലും അധ്യാപകർ നിശ്ചിത സമയത്തിനകം യോഗ്യത നേടിയില്ലെങ്കിൽ അവർക്ക് ജോലി അവസാനിപ്പിക്കേണ്ടി വരും.
അവർ നിർബന്ധമായും റിട്ടയർ ചെയ്യണം. (പാരഗ്രാഫ് 217)
2009 ആഗസ്റ്റ് 27 ന് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം രണ്ടായിരത്തി പതിനേഴിൽ പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ ഭേദഗതി, രണ്ടായിരത്തി പത്തിലെ എൻ.സി.റ്റി.ഇ. നോട്ടിഫിക്കേഷനുമാണ്
കോടതിവിധിയിൽ പരാമർശിച്ചിട്ടുള്ളത്.
ഇവയാണ് കോടതിവിധിക്ക് അടിസ്ഥാനം.
രണ്ടായിരത്തി ഒമ്പതിൽ കോൺഗ്രസ്സിന്റെ
നേതൃത്വത്തിലുള്ള യു.പി.എ ഗവൺമെന്റ് രണ്ടായിരത്തി പതിനേഴിൽ മോദി സർക്കാരുമാണ് കേന്ദ്രഭരണം കയ്യാളിയിരുന്നത്.
ഒരു തൊഴിൽ മേഖലയിലെ യോഗ്യത മാറ്റം വരുത്തുമ്പോൾ, നിയമം വരുന്നതിനു
മുമ്പുള്ളവർക്ക് സംരക്ഷണം നൽകുകയെന്ന കീഴ്‌വഴക്കം പതിവുള്ളതാണ്.
എന്നാൽ കോൺഗ്രസ്സ് സർക്കാരോ, മോദി സർക്കാരോ ഇതിന് തയ്യാറായില്ല.
എന്നുമാത്രമല്ല സംസ്ഥാനങ്ങളുടെ മേൽ
ഉദ്യോഗസ്ഥതല സമ്മർദ്ദം ചെലുത്തുകയും ചെയ്തു.ഇന്ത്യയിലൊട്ടാകെ ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
അധ്യാപകരുടെ ജോലിയെന്നതിനു മാത്രമല്ല വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളേയും ഇത് സ്തംഭിപ്പിക്കും.
കേരളത്തിലെ ഭൂരിഭാഗം അധ്യാപകരേയും
ഇത് ദോഷകരമായി ബാധിക്കും.
പ്രൊമോഷനുകൾ, നിയമനങ്ങൾ തുടങ്ങി
എല്ലാ കാര്യങ്ങളും സങ്കീർണമാകും.
ഭരണഘടനപ്രകാരം വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.
അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ രൂപം കൊടുക്കുന്ന നിയമങ്ങൾക്കാണ് മേൽകൈയുള്ളത്. ബഹുമാനപ്പെട്ട സുപ്രീംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സർക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ്. ഈ സങ്കീർണമായ സാഹചര്യം മറികടക്കാൻ, കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണം.
കേരളത്തിൽ അധ്യാപകരുടെ യോഗ്യത
കാലോചിതമായി പരിഷ്‌കരിച്ച അവസരത്തിലെല്ലാം നിലവിലുള്ളവരെ സംരക്ഷിച്ചാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഭാഷാധ്യാപക നിയമനം, പ്രൈമറി അധ്യാപക നിയമനം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
എന്തായാലും നിലവിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജിയോ വ്യക്ത തേടിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയോ ചെയ്യുവാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
സബ്ജക്ട് മിനിമം
ആദ്യ പാദവാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് സ്‌കൂളുകൾ വീണ്ടും തുറന്നു.
ഈ മാസം 9 ന് മുമ്പ് എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 10 മുതൽ 20 നുള്ളിൽ ക്ലാസ്സ് പി.റ്റി.എ. കൾ വിളിച്ചു ചേർക്കണം.
എഴുത്തു പരീക്ഷയിൽ മുപ്പത് ശതമാനത്തിന് താഴെ മാർക്കുള്ള കുട്ടികൾക്ക് അധ്യാപകർ അധിക പിന്തുണ നൽകണം. സബ്ജക്ട് കൗൺസിൽ/ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് ചേർന്ന് പ്രത്യേക പഠനപിന്തുണയുടെ കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. വിവിധ ഗ്രേഡുകൾ തിരിച്ച് റിസർട്ട് സമഗ്ര പ്ലസ്സ് പോർട്ടലിൽ രേഖപ്പെടുത്തണം. താഴ്ന്ന ഗ്രേഡുകളിൽ ഉള്ള കുട്ടികൾക്ക് ഡയറ്റ്, എസ്.എസ്.കെ., വിദ്യാഭ്യാസ ഓഫീസർമാർ, തുടങ്ങിയവർ സ്‌കൂളുകളിൽ ചെന്ന് കുട്ടികളുടെ നിലവാരം മനസ്സിലാക്കി പഠനപിന്തുണാ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
ഇക്കാര്യങ്ങൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് എസ്.എസ്.കെ. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. എ.ഇ.ഒ., ഡി.ഇ.ഒ., തുടങ്ങിയവർ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ സെപ്തംബർ 25 നകം ഡി.ഡി.ഇ. യ്ക്ക് നൽകി
ഡി.ഡി.ഇ. മാർ ഇക്കാര്യം ക്രോഡീകരിച്ച് സെപ്തംബർ 30 നുള്ളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. സ്‌കൂളുകളുടെ ചുമതല ബി.ആർ.സി., ഡയറ്റ്, എ.ഇ.ഒ., ഡി.ഇ.ഒ. തുടങ്ങിയവർക്ക് ഡി.ഡി.ഇ മാർ വിഭജിച്ച് നൽകണം. നിരന്തര മൂല്യനിർണ്ണയം കുട്ടികളുടെ ശേഷികൾക്ക് അനുസരിച്ച് മാത്രമാണ് നൽകുന്നത് എന്ന് ഉറപ്പാക്കണം. നിലവിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ബാധകമായിട്ടുള്ളത് പ്രധാന അധ്യാപകർക്കാണ്. എല്ലാ അധ്യാപർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച കാര്യം ആലോചനയിലുണ്ട്. അധ്യാപക സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്യും.
ലഹരി വിരുദ്ധ അസംബ്ലി
വിദ്യാർത്ഥികളിലെ ലഹരി ഉപഭോഗം, സ്വഭാവ വ്യതിയാനം, എന്നത് തിരിച്ചറിഞ്ഞ് കുട്ടികൾക്ക് പ്രാഥമിക കൗൺസിലിംഗിലൂടെ പിന്തുണ നൽകാൻ അധ്യാപകരെ സജ്ജരാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. നൂറ്റി ഇരുപത് അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാർ എന്ന നിലയ്ക്ക് ക്ലാസ്സുകൾ നൽകി.എൺപത് പേർ അടങ്ങുന്ന രണ്ടാം ബാച്ചിന് ഈ മാസം 15, 16, 17 തീയതികളിൽ തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നൽകും.
ഈ മാസ്റ്റർ ട്രെയിനർമാരിലൂടെ എൺപതിനായിരം അധ്യാപകർക്ക് പരിശീലനം ഡിസംബർ 31 നകം പൂർത്തീകരിക്കും.
ഭിന്നശേഷി നിയമനം
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്രകാരം ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനങ്ങൾ സമയബന്ധിതമായി നടത്തുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ജില്ലാ തല സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
പ്രസ്തുത സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കുന്നതിന് സംസ്ഥാനതലത്തിൽ നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കുന്നതാണ്.
അദാലത്തിലേക്കുള്ള അപേക്ഷകൾ
ഒക്‌ടോബർ 30 നകം സംസ്ഥാനതല സമിതിയുടെ കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതി സഹായം
രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ച് സാമ്പത്തിക വർഷത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി കേന്ദ്രസർക്കാർ
സംസ്ഥാനങ്ങൾക്ക് ഇരുപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി മൂന്ന് കോടി രൂപ
വിതരണം ചെയ്തു.
എന്നാൽ, ഈ ഫണ്ട് വിതരണത്തിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളെ പൂർണ്ണമായും ഒഴിവാക്കി.
ഇത് ഫെഡറൽ സംവിധാനത്തോടുള്ള
വെല്ലുവിളിയാണ്.കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് മുൻ വർഷങ്ങളിലെ കുടിശ്ശിക
ഉൾപ്പെടെ, കേരളത്തിന് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിൽ നിന്ന് ലഭിക്കേണ്ടത് ആയിരത്തി ഒരുന്നൂറ്റി നാൽപത്തിയെട്ട് കോടി രൂപയാണ്.
എന്നാൽ, ഇത് നൽകാതെ ഉത്തർപ്രദേശിന് നാലായിരത്തി നാന്നൂറ്റി എൺപത്തിയേഴ് കോടി രൂപയും ഗുജറാത്തിന് എണ്ണൂറ്റി നാൽപത്തിയേഴ് കോടി രൂപയും
ഝാർഖണ്ഡിന് ആയിരത്തി എഴുപത്തി മൂന്ന് കോടി രൂപയും കേന്ദ്രം നൽകിയിട്ടുണ്ട്.
ഈ വിവേചനപരമായ സമീപനം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ
വളർച്ചയ്ക്ക് വലിയ വെല്ലുവിളികൾ
സൃഷ്ടിക്കുന്നു.കേന്ദ്രവിഹിതം ലഭിക്കാത്തതുകൊണ്ട്,
നിലവിൽ സമഗ്ര ശിക്ഷാ കേരളയിൽ
പ്രവർത്തിക്കുന്ന ആറായിരത്തി എണ്ണൂറ്റി പതിനേഴ് ജീവനക്കാരുടെ ശമ്പളം സംസ്ഥാന സർക്കാരാണ് നൽകുന്നത്.
ഇതിനായി പ്രതിമാസം ഏകദേശം ഇരുപത് കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്.
ഇത് കൂടാതെ, വിദ്യാർത്ഥികൾക്കുള്ള
യൂണിഫോം, പാഠപുസ്തകങ്ങൾ,
ഹോസ്റ്റലുകൾ എന്നിവയുടെ ചെലവുകളും സംസ്ഥാന സർക്കാർ തന്നെ വഹിക്കുന്നു.
കേരളത്തിന്റെ വികസനത്തിന്
കേന്ദ്രസർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഖേദകരമാണ്.
ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ
അവകാശം നേടിയെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
ഈ വിഷയത്തിൽ ആശങ്കകൾ അറിയിക്കുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ
സമയം തേടുകയും ചെയ്യും.
