പത്താമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബർ 23ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

തിരുവനന്തപുരം : പത്താമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബർ 23ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

1. സൂതികാമിത്രം പദ്ധതി

വനിതകള്‍ക്ക് ആയുർവേദത്തില്‍ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനും അമ്മയെയും കുഞ്ഞിനെയും പരിചരിക്കുന്നതിന് അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധതിയാണ് സൂതികാമിത്രം പദ്ധതി.

2. ആയുഷ് യോഗ ക്ലബ് ആപ്പ്

ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതില്‍ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി 10,000 ലധികം യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്ത് ആരംഭിച്ച്‌ പ്രവർത്തിച്ചു വരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് അതതു പ്രദേശത്തെ യോഗ ക്ലബ്ബുകള്‍ മനസിലാക്കുന്നതിനായാണ് മൊബൈല്‍ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

3. ആയുർകർമ്മ

സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളില്‍ പഞ്ചകർമ്മ ചികിത്സകള്‍ ഉള്‍പ്പെടുത്തി സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ആയുർകർമ്മ. 25 പുതിയ യൂണിറ്റുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്.

4. 240 സ്ഥാപനങ്ങളില്‍ ഇ ഹോസ്പിറ്റല്‍

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള 240 സ്ഥാപനങ്ങളില്‍ Next Gen E Hospital സംവിധാനം നടപ്പിലാക്കി. ആശുപപത്രികളില്‍ നേരിട്ട് വരാതെ ഓണ്‍ലൈൻ വഴി വളരെ എളുപ്പത്തില്‍ രോഗികള്‍ക്ക് ഒപി രജിസ്‌ട്രേഷനും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും എടുക്കാനാകും

5. സുപ്രജ

ഗർഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ടും നടപ്പിലാക്കുന്ന സമഗ്ര മാതൃ-ശിശു സംരക്ഷണ പദ്ധതിയാണ് സുപ്രജ.

6. ആയുഷ് ഇൻഫെർട്ടിലിറ്റി ക്ലിനിക്

വന്ധ്യത പരിഹരിക്കുന്നതിനായി ആരംഭിച്ച സമഗ്രമായ പദ്ധതിയായ ആയുഷ് ഇൻഫെർട്ടിലിറ്റി ക്ലിനിക് കാസറഗോഡ്, പാലക്കാട്, തിരുവന്തപുരം എന്നിവിടങ്ങളില്‍ കൂടി ആരംഭിക്കുന്നു.

7. NPPMOMD

ഓസ്റ്റിയോആർത്രൈറ്റിസ് ഉള്‍പ്പെടെയുള്ള വിവിധ മസ്‌കുലോസ്‌കെലറ്റല്‍ രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ചികിത്സയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പൊതുജന ആരോഗ്യ പദ്ധതിയാണിത്.

8. എൻസിഡി സ്‌പെഷ്യാലിറ്റി ക്ലിനിക്

ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആയുർവേദത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച്‌ സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

9. ഹർഷം

വിഷാദ രോഗം തടയുന്നതിനും, ചികിത്സിക്കുന്നതിനും, മാനസികാരോഗ്യം നിലനിർത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതി യാണ് ഹർഷം. കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളില്‍ ഹർഷം ക്ലിനിക്കുകള്‍ ആരംഭിച്ചു.

10. ദൃഷ്ടി ക്ലിനിക്

ആയുർവേദത്തിന്റെ സാധ്യത ഉപയോഗിച്ച്‌ നേത്ര ചികിത്സ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനാണ് 'ദൃഷ്ടി' പദ്ധതി നടപ്പിലാക്കുന്നത്.

11. ആരോഗ്യ നൗക

ആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ട ദീപ് നിവാസികള്‍ക്ക് വാതില്‍പ്പടിയില്‍ ആരോഗ്യ സേവനം നല്‍കുന്നതിനായി മോട്ടോർ ബോട്ടില്‍ സജ്ജീകരിച്ച ആയുർവേദ ക്ലിനിക്കാണ് ആരോഗ്യ നൗക.

12. സ്‌പോർട്‌സ് ആയുർവേദ

കായിക താരങ്ങളുടെ പരിക്കുകള്‍ പരിഹരിക്കുന്നതിന് ആയുർവേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ആയുർവേദ സ്‌പോർട്‌സ് മെഡിസിൻ പദ്ധതിയാണ് സ്‌പോർട്‌സ് ആയുർവേദ പദ്ധതി. നിവില 13 യൂണിറ്റുകള്‍ കൂടാതെ 10 യൂണിറ്റുകള്‍ കൂടി ആരംഭിക്കുന്നു.

Previous Post Next Post