'ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിൻറെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണ നിലയിൽ'

കൊച്ചി: ഹോട്ടലിൽ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാൻ വൈകുന്നതെന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്.


കിടക്കയിൽ സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളുമുണ്ടായിരുന്നു. എട്ട് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. 8.30 ആയിട്ടും കാണാതായതിനെത്തുടർന്നാണ് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചത്.


സംഭവത്തെക്കുറിച്ച് ഹോട്ടലുടമ സന്തോഷ് പറയുന്നതിങ്ങനെ, മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. 209ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവർത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. മുറിയിൽ ചെന്ന് അന്വേഷിക്കാൻ സഹപ്രവർത്തകർ പറയുകയും ചെയ്തു. റൂം ബോയി പോയി ബെല്ലടിച്ചെങ്കിലും മുറി തുറന്നില്ല. ഡോർ ലോക്ക് ചെയ്തിരുന്നില്ല. വാതിൽ തുറന്ന് നോക്കിയപ്പോൾ നവാസ് തറയിൽ വീണു കിടക്കുകയാണ്. ഉടൻ തന്നെ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചറിയിച്ചു. ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ ജീവനുണ്ടായിരുന്നുയ കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.


പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയിൽ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങൾക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്.

Previous Post Next Post