തൊടുപുഴയില്‍ വിദ്യാര്‍ഥികളായ സുഹൃത്തുക്കള്‍ ഒരു വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത

തൊടുപുഴ ഉടുമ്ബന്നൂരില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നത്തടി സ്വദേശി ശിവഘോഷിനെ തൂങ്ങിമരിച്ച നിലയിലും പാറത്തോട് സ്വദേശിയായ മീനാക്ഷിയെ തൊട്ടടുത്ത മുറിയില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു എന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു.



മരിച്ച ശിവഘോഷിന്റെ കുടുംബം രണ്ടുവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന ഉടുമ്ബന്നൂരിലെ വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ശിവഘോഷിനെ തിരക്കി വീട്ടിലെത്തിയ ബന്ധു ആദര്‍ശാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് വീട്ടിനുള്ളില്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് മീനാക്ഷിയുടെ മൃതദേഹവും കണ്ടെടുത്തത്.

ശിവഘോഷ് വാഴക്കുളത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. വാഴക്കുളത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ടിടിസി പഠനം നടത്തുകയായിരുന്നു മീനാക്ഷി. 20 വയസ്സ് പ്രായമുള്ള ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Previous Post Next Post