ബിലാസ്പുർ: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായി. എൻഐഎ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വൈകീട്ട് നാല് മണിയോടെയാണ് കന്യാസ്ത്രീകൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മതസൗഹാർദ മുദ്രാവാക്യങ്ങൾ ഉൾപ്പെടെ മുഴക്കിയായിരുന്നു പുറത്ത് കാത്തുനിന്നവർ ജയിൽ മോചനം ആഘോഷിച്ചത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഭായി ഭായി എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യങ്ങൾ. ജാമ്യം ലഭിച്ച ജയിലിൽ നിന്നും പുറത്തിറങ്ങിയ കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷന് ഒപ്പം കോൺവെന്റിലേക്ക് മടങ്ങി.
കർശന വ്യവസ്ഥകളോടെ ആയിരുന്നു മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കും കൂടെ ഉണ്ടായിരുന്ന ആദിവാസി യുവാവ് സുകമാൻ മാണ്ഡവിക്കും എൻഐഎ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷി മലയാളി കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളിലാണ് എൻഐഎ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷി ഇവർക്കു ജാമ്യം നൽകിയത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. രണ്ട് ആൾ ജാമ്യവും വേണം. ഇവർ ഇന്നു തന്നെ ജയിൽ മോചിതരാവുമെന്നാണ് സൂചന.
ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ജൂലൈ 25ന് റെയിൽവേ പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. നാരായൺപുരിൽ നിന്നുള്ള മൂന്നു പെൺകുട്ടികളെ നിർബന്ധപൂർവം മതംമാറ്റി കടത്താൻ ശ്രമിക്കുന്നുവെന്ന, ബജരംഗ്ദൾ നേതാവിന്റെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.