കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളില്‍ 'സഹായപ്പെട്ടി', ആഴ്ചയിലൊരിക്കല്‍ തുറന്ന് പരിശോധിക്കണം, കുട്ടികള്‍ക്ക് പ്രശ്നങ്ങളറിയിക്കാം'


ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകലില്‍ സുരക്ഷാമിത്രം എന്ന പേരില്‍ സഹായപ്പെട്ടികള്‍ സ്ഥാപിക്കും. പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയില്‍ വെക്കണം. കുട്ടികള്‍ക്ക് പേര് വെച്ചോ, വെക്കാതെ കാര്യങ്ങള്‍ പറയാം. ആഴ്ചയില്‍ ഒരിക്കല്‍ പെട്ടി തുറന്ന് പരാതി വായിക്കണം. പരിഹാരം കണ്ടെത്തണം, വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ സ്കൂള്‍ കൗണ്‍സിലർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കൗണ്‍സിലിംഗ് സമയത്ത് കേട്ട അനുഭവങ്ങള്‍ നേരിട്ട് കേട്ടറിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. നാലാം ക്ലാസുകാരിയെ കാണാൻ മന്ത്രി നൂറനാട്ടെ വീട്ടിലെത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചു പൊറുപ്പിക്കില്ല. കുട്ടിക്കുള്ള സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് നല്‍കുന്നു. കുട്ടിയെ കണ്ടുവെന്നും വല്ലാതെ വിഷമം തോന്നുന്ന കാര്യങ്ങള്‍ കുട്ടി പറഞ്ഞുവെന്നും മന്ത്രി വിശദമാക്കി. തിരികെ പോരാൻ നേരത്ത് കുട്ടി വിടുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാൻ നിർദ്ദേശം നല്‍കി. ആ മകള്‍ കാര്യങ്ങള്‍ പറയുമ്ബോള്‍ -എങ്ങനെ ഈ ക്രൂരത കാണിച്ചെന്ന് തോന്നി പോകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Previous Post Next Post