കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ ആരംഭിക്കും.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നൽകിയ ഹർജിയിൽ പറഞ്ഞത്. അഭിഭാഷകനായ ജോൺ എസ് റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്‌തെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ ഫോൺ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
