'നേതാക്കള്‍ ജ്യോത്സ്യന്‍മാരോട് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്, സമയം നോക്കാനല്ല ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടത്'

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എ കെ ബാലന്റെ പ്രതികരണം. നേതാക്കള്‍ ജ്യോത്സ്യന്‍മാരോട് സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് എ കെ ബാലന്‍ ചോദിച്ചു. സമയം നോക്കാനല്ല ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടത് എന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


കമ്യൂണിസ്റ്റുകാര്‍ എല്ലാ വിഭാഗം ജനങ്ങളുമായും സംവദിക്കും, അവരുമായി നല്ല ബന്ധം ഉണ്ടാക്കും, സൗഹൃദം ഉണ്ടാകും. അതിന് അര്‍ത്ഥം അവര്‍ രൂപം നല്‍കുന്ന ആശയത്തോട് യോജിക്കുന്നു എന്നല്ല. താനുള്‍പ്പെടെയുള്ളവര്‍ നമ്പര്‍ വണ്‍ വൈരുദ്ധ്യാത്മക ഭൗതികവാദ ആശയത്തിന്റെ വക്താക്കള്‍ ആണ്. ജ്യോതിഷികള്‍, കൈനോട്ടക്കാര്‍, മജീഷ്യന്‍മാര്‍ എന്നിവരോട് സംസാരിക്കാന്‍ താത്പര്യം കാണിക്കുന്ന വ്യക്തിയാണ് താനെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


ഒരിക്കല്‍ ഒരു ജ്യോത്സ്യന്‍ എകെ ആന്റണിയെ കുറിച്ച് തന്നോട് നടത്തിയ പ്രതികരണത്തെ കുറിച്ച് നിയമ സഭയില്‍ പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാന്‍. എകെ ആന്റണിയുടേത് മൂലം നക്ഷത്രമാണ്, അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റത് പുണര്‍തം നക്ഷത്രത്തിലും. ഇത് വിലയിരുത്തിയ ഒരു ജോത്സ്യന്‍ പറഞ്ഞു അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ ആകില്ല, സ്ഥാനചലനം ഉണ്ടാകുമെന്ന്. അന്ന് അദ്ദേഹം അത് ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രവചനം പോലെ എ കെ ആന്റണിക്കു രാജിവയ്‌ക്കേണ്ടിവന്നെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ജ്യോത്സ്യന്‍ പറഞ്ഞത് കൊണ്ടാണ് എ കെ ആന്റണി രാജിവച്ചത് എന്നതല്ല. എകെ ബാലന്‍ പറഞ്ഞു.


നേതാക്കള്‍ ജ്യോത്സ്യരെ കാണുന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ടെന്ന നിര്‍ദേശവും എം വി ഗോവിന്ദന്‍ മാധ്യമങ്ങൾക്ക് നല്‍കിയിരുന്നു.


എം വി ഗോവിന്ദന്‍ പ്രശസ്ത ജ്യോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നും എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Previous Post Next Post