'എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല '; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയർത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നൽകേണ്ടിവന്നാലും കർഷകരുടെ താത്പര്യം ഉയർത്തുന്നതിൽ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡൽഹിയിൽ എംഎസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


'കർഷകരുടെ താൽപ്പര്യമാണ് ഞങ്ങളുടെ മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നൽകേണ്ടിവരുമെന്ന് അറിയാം, എന്നാൽ അതിന് രാജ്യം തയ്യാറാണ്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താത്പര്യം സംരക്ഷിക്കാൻ വ്യക്തിപരമായി എന്തുവിലയും നൽകാൻ തയ്യാറാണ്,' ട്രംപ് താരിഫുകൾ ഉയർത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.


ഹരിത വിപ്ലവത്തിന്റെ ശിൽപിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, 'ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തിൽ കെട്ടിപ്പടുക്കുക, നമ്മുടെ കാർഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിർത്തി എല്ലാവർക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.' ഇന്ത്യ യുഎസിലേക്ക് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാൻ പോകുന്ന മേഖലകളിൽ ഒന്നാണിത്.


റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.

Previous Post Next Post