ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് അടിയേറ്റു; യുവാവ് കസ്റ്റഡിയില്‍

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയ്ക്കിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 35കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ജനസമ്പർക്കപരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേനെ എത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിക്ക് അടിയേറ്റ സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് ഈ സംഭവം ചുണ്ടിക്കാട്ടുന്നത്. 'ഡൽഹിയിൽ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കിൽ, സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതമായി ജീവിക്കാൻ കഴിയും?' ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു.

Previous Post Next Post