തൃശൂർ: സംസ്ഥാനത്ത് രാവിലെയുണ്ടായ അതിശക്തമായ മഴയിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തൃശൂർ നഗരത്തിൽ പെയ്ത തോരാമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രധാന നിരത്തുകളെല്ലാം മുങ്ങി. വീടുകളിൽ വെള്ളം ഇരച്ചുകയറി. ഇതോടെ ജനം ദുരിതത്തിലായി.
നഗരഹൃദയമായ പാട്ടുരായ്ക്കൽ അശ്വിനി ഹോസ്പിറ്റലിനു സമീപമുള്ള വീടുകളിലെ ആളുകളെ മുകൾ നിലയിലേയ്ക്ക് മാറ്റി. ഹോസ്പിറ്റലിനും വെള്ളക്കെട്ട് ഭീഷണിയുണ്ട്. വെള്ളക്കെട്ടും റോഡിലെ കുഴികളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. മലയോര മേഖലയിലെ പല തോടുകളും കരകവിഞ്ഞു. മരോട്ടിച്ചാൽ എ യു പി എസ് സ്‌കൂളിലേക്കുള്ള വഴിയിൽ വെള്ളം കയറി.
സമീപത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഇതുവഴി വാഹന സൗകര്യവും ലഭ്യമല്ല. ഇതോടെ വിദ്യാർത്ഥികൾ വെള്ളക്കെട്ട് നീന്തി സ്‌കൂളിലെത്തേണ്ട ഗതികേടിലാണ്. നഗരത്തിൽ കനത്ത മഴയ്ക്കിടെ റോഡ് ടാർ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതു വലിയ ചർച്ചയായി മാറി. നഗരത്തിലെ മാരാർ റോഡിലാണ് പെരുമഴയിൽ റോഡ് ടാറിങ് നടന്നത്.
എറണാകുളത്തും കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയിൽ വീടുകളിൽ വെള്ളം കയറി. തൃപ്പൂണിക്കുറയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. തൃപ്പൂണിത്തുറ പേട്ടയിൽ യൂബർ ടാക്‌സി റോഡിന് സമീപത്തെ കാനയിലേക്ക് വീണു. കാനയും റോഡും തിരിച്ചറിയാൻ കഴിയാത്ത വെള്ളക്കെട്ടാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറെ രക്ഷപ്പെടുത്തി. ഇടുക്കി ജില്ലയിലും ശക്തമായ മഴയാണ്.