ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്.
കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാർ നടുറോഡില്‍ തടയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ ബോണറ്റില്‍ തട്ടി 'എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ' എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറിന്റെ ബോണറ്റില്‍ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചാണ് മാധവ് കാർ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകള്‍ കൂടി. ഈ സമയത്ത് ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
പ്രശ്നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. പരിശോധനയില്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയില്‍ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് അറിയിച്ചതോടെ ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു
ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്ബലം ഭാഗത്തേക്ക് പോവുകയായിരുന്നു മാധവ്. എതിർ ദിശയില്‍ വരികയായിരുന്നു വിനോദ്. യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് നടുറോഡില്‍ വാഹനം നിർത്തിയിട്ട് ഇരുവരും തമ്മില്‍ തർക്കമുണ്ടായത് എന്നാണ് വിവരം.