ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കും. രാത്രി എട്ടു മണിക്ക് മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചർച്ചയാക്കുക ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, 'വോട്ടു കള്ളൻ സിംഹാസനം വിട്ടുപോകുക' എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 22 മുതൽ സെപ്റ്റംബർ ഏഴു വരെ രാജ്യത്ത് പ്രചാരണ റാലികൾ സംഘടിപ്പിക്കും. 'വോട്ടു കള്ളൻ സിംഹാസനം വിട്ടുപോകുക' എന്ന ടാഗിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി തീരുമാനിച്ചിട്ടുണ്ട്.
വോട്ടു കൊള്ള പ്രചാരണത്തിൽ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റാലി നടത്തും. ബിഹാറിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ അവസാനിച്ചതോടെ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ വൻ അട്ടിമറി നടന്നുവെന്നാണ് തെളിവുസഹിതം രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.