തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ മെഡിക്കല്‍ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചേക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് അവധിയില്‍ പോയിരുന്നത്. ഇതിനിടയില്‍ അവധി ഒരാഴ്ച്ച കൂടി നീട്ടാനുള്ള ആലോചന ഉണ്ടെങ്കിലും ഇന്ന് തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്‍റെ അസാന്നിധ്യത്തില്‍ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദമായിട്ടുണ്ട്.
അതിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ ഒരു ബോക്സ് കണ്ടെത്തി എന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞെങ്കിലും പിന്നീട് ആ വാദം പൊളിഞ്ഞിരുന്നു. ഇതോട് കൂടി വാർത്താ സമ്മേളനം തന്നെ അനാവശ്യമായി പോയി എന്ന നിലപാടിലാണ് ഉദ്യാഗസ്ഥർ. കെജിഎംസിടിഎയും ഡോ. ഹാരിസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡിഎംഇയുടെ റിപ്പോർട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും. എന്നാല്‍ ഇത്തരത്തില്‍ വിവാദം ശക്തമാകുകയും ഹാരിസിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തതോടെ കടുത്ത നടപടികള്‍ക്ക് ശുപാർശ ഇല്ലാത്ത റിപ്പോർട്ട് ആയിരിക്കും നല്‍കുകയെന്നാണ് നിഗമനം.