കോഴിക്കോട്ട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതിൽ അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിർന്ന പ്ലസ്ടു വിദ്യാർഥിയെ രക്ഷിച്ച് പൊലീസ്. കോഴിക്കോട് വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം.
ഓണാഘോഷ പരിപാടികൾ അതിരുവിട്ടതോടെ അധ്യാപകർ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാർഥി സ്‌കൂളിൽ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാർഥി മുഴക്കി. സംഭവം പൊലീസിൽ അറിയിച്ചതോടെ ടവർ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങൽ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ നിൽക്കുകയായിരുന്നു, വിദ്യാർഥി.
പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടർന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഉപദേശം നൽകി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്‌ഐ എം കെ. രഞ്ജിത്ത്, എഎസ്‌ഐ ഗണേശൻ, സിപിഒ സജീവൻ എന്നിവരായിരുന്നു ദൗത്യത്തിൽ പങ്കെടുത്തത്.