പ്രതിസന്ധികളില്‍ തളരാത്ത മികച്ച സാമ്ബത്തിക മാതൃക, കെഎസ്‌എഫ്‌ഇയുടെ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിസന്ധികളില്‍ തളരാത്ത ഒരു മികച്ച സാമ്ബത്തിക മാതൃകയാണ് കെ.എസ്.എഫ്.ഇ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ കെ.എസ്.എഫ്.ഇയുടെ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടത്തിന്റെ പ്രഖ്യാപനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ പല ധനകാര്യ സ്ഥാപനങ്ങളും തകർന്നപ്പോള്‍ കെ.എസ്.എഫ്.ഇ ഒരു ബദലായി ഉയർന്നു വന്നു. കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം വെറും പണമിടപാടുകളില്‍ ഒതുങ്ങുന്നില്ല. വ്യവസായങ്ങള്‍ക്കും ഉത്പാദന സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മുതല്‍മുടക്കും നിക്ഷേപവും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1967-ല്‍ ഇ.എം.എസ്. സർക്കാരിൻ്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെ.എസ്.എഫ്.ഇ. രൂപീകൃതമായത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബദലായാണ് ഇത് ആരംഭിച്ചത്. പത്ത് ശാഖകളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് 683 ശാഖകളും ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുമുണ്ട്. 2016-ല്‍ സർക്കാർ അധികാരത്തില്‍ വരുമ്ബോള്‍ 30,000 കോടി രൂപയായിരുന്ന കെ.എസ്.എഫ്.ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്ബത് വർഷം കൊണ്ട് മൂന്നിരട്ടിയിലധികം വർദ്ധിച്ചു. പ്രവർത്തന ലാഭം 236 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയായി ഉയർന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരാനുള്ള സൗകര്യം ഒരുക്കിയതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതും ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. 121 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവർ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസി ചിട്ടികള്‍ വിഭാവനം ചെയ്തിട്ടുള്ളത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയില്‍ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍, കെ.എസ്.എഫ്.ഇയുടെ നേട്ടം സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയിലെ വലിയ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തിനുള്ളില്‍ 3,050 പേർക്ക് പി.എസ്.സി വഴി ജോലി നല്‍കാൻ സാധിച്ചു. ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിനേക്കാള്‍ മികച്ചതും സർക്കാർ ഗ്യാരന്റിയുള്ളതുമാണ് കെ.എസ്.എഫ്.ഇയുടെ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ "കെ.എസ്.എഫ്.ഇ ഈ നാടിന്റെ ധൈര്യം" എന്ന മുദ്രാവാക്യം ബ്രാൻഡ് അംബാസഡർ സുരാജ് വെഞ്ഞാറമൂടിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രഖ്യാപനവും, ചിട്ടി 'ഫ്രറ്റേണിറ്റി ഫണ്ടായി' റീബ്രാൻഡ് ചെയ്യുന്ന പ്രഖ്യാപനവും ധനമന്ത്രി നിർവഹിച്ചു
Previous Post Next Post