'കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം, ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി'; അധികൃതരുടെ ലക്ഷ്യം വേറെയെന്ന് ഡോ. ഹാരിസ്

തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. താനില്ലാത്തപ്പോള്‍ തന്റെ ഓഫീസ് മുറി ഒരു സംഘം തുറന്നു.

തുടര്‍ന്ന് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്. ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ഡോ. ഹാരിസ് ആശങ്കപ്പെട്ടു. കെജിഎംസിടിഎ ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ഈ മാസം നാലിന് അവധിയില്‍ പ്രവേശിച്ച താൻ നാളെ ജോലിയില്‍ തിരികെയെത്തും. വിവിധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍, കാണാതായെന്നു പറയുന്ന മോർസിലോസ്കോപ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഓഫിസിന്റെ താക്കോല്‍ അസിസ്റ്റന്റ് പ്രഫസർ ഡോ.ജോണി തോമസ് ജോണിനെ ഏല്‍പിച്ചിരുന്നു. പ്രിൻസിപ്പല്‍, സൂപ്രണ്ട് എന്നിവർ ആവശ്യപ്പെട്ടാല്‍ താക്കോല്‍ നല്‍കണമെന്നും നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച പ്രിൻസിപ്പല്‍ ഡോ.പി.കെ.ജബ്ബാർ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. അകത്തു കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ചാണ് മുറി പുട്ടിയത്. എന്തിനാണ് ഇതു ചെയ്തതെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുറി തുറന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. ഡോ. ഹാരിസിന്റെ അസിസ്റ്റന്റായ ഡോക്ടറാണ് താക്കോല്‍ തങ്ങള്‍ക്ക് കൈമാറിയത്. താനാണ് മുറി തുറന്ന് പരിശോധിച്ചത്. ആ മുറിയില്‍ ഒരു ഉപകരണം കണ്ടു. എന്നാല്‍ സര്‍ജന്‍ അല്ലാത്തതിനാല്‍, ആ ഉപകരണം മോര്‍സിലോസ്‌കോപ്പ് ആണോയെന്നതില്‍ തനിക്ക് വ്യക്തതയില്ല. അതുകൊണ്ട് ആ ഉപകരണത്തിന്റെ ചിത്രം എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയിട്ടുള്ളത്.

ഡിഎംഇയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ ടീം മെഡിക്കല്‍ കോളജില്‍ വീണ്ടും പരിശോധന നടത്തും. അതിനുശേഷം മാത്രമേ മുറിയില്‍ കണ്ടെത്തിയത് മോര്‍സിലോസ്‌കോപ്പ് ആണോയെന്ന് വ്യക്തമാകൂ. ഡോ. ഹാരിസിന്റെ ഒരു സ്വകാര്യ സാധനങ്ങളും മുറിയില്‍ നിന്നും എടുത്തിട്ടില്ല. തന്നോടൊപ്പം ഡിഎംഇയുടെ സംഘമാണ് ഉണ്ടായിരുന്നത്. ഈ മുറിയില്‍ കയറാന്‍ പാടില്ലാത്ത ആരും കയറിയിട്ടില്ല. മറ്റൊരു പൂട്ടിട്ട് പൂട്ടിയത് അന്വേഷണം നടക്കുന്നതില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു

Previous Post Next Post