ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹർഷിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതൽ സേനയും രക്ഷാപ്രവർത്തനത്തിനായി ധരായിലിലേക്കെത്തും. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ 9 സൈനികർ അടക്കം നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയിൽ പലയിടത്തും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്. ഗംഗോത്രി തീർഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും പൂർണമായും തകർത്തു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വൻ മേഘവിസ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുഖി ടോപ്പിൽ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടായതായത്. മണ്ണിടിച്ചിലിൽ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് 9 സൈനികരെ കാണാതായത്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോംസ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തിൽ പ്പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.