ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തര്‍ക്കം; സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍:ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.

തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഇടവേളസമയത്തായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ ഏറ്റുമുട്ടിയത്. കുട്ടികള്‍ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട്, ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.

കുട്ടികള്‍ അടികൂടുന്നത് കണ്ട അധ്യാപര്‍ പിടിച്ചുമാറ്റിയെങ്കിലും ആല്‍വിന്‍ തനിച്ചായിപ്പോയി. തുടര്‍ന്ന് ആല്‍വിനെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ആല്‍വിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയുമായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും നിസ്സാരപരിക്കുണ്ട്. ബുധനാഴ്ച പിതാവ് ജെയ്സന്റെ പരാതിയെത്തുടര്‍ന്ന്, ആല്‍വിനെ ആക്രമിച്ച 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.

Previous Post Next Post