തൃശൂർ: തൃശൂർ-എറണാകുളം ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടർന്നു. മുരിങ്ങൂർ മുതൽ പോട്ട വരെയാണ് ഗതാഗതം ഇഴഞ്ഞു നീങ്ങുന്നത്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയിൽ 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാൽ ഗതാഗതക്കുരുക്കിൽ കുടുങ്ങും. പാലക്കാട് തൃശൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവർ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ മാള വഴി പോകാൻ നിർദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവർ കൊടുങ്ങല്ലൂർ പറവൂർ വഴി പോയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാം.
അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം. നേരത്തെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കരാർ കമ്പിനിയും ദേശീയപാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചപ്പോൾ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.